
കാസർകോട്: അന്വേഷിച്ചെത്തിയ പോക്സോ കേസ് പ്രതിയെ കിട്ടാത്തതോടെ പ്രതിയുടെ സഹോദരനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പൽ എസ്.ഐയടക്കം മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ബേക്കൽ പ്രിൻസിപ്പൽ എസ്.ഐ കെ.പി.ശരത്ത്, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ.ശ്രീകുമാർ, സി.പി.ഒ വിപിൻ കുമാർ എന്നിവർക്കെതിരെയാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ഐ.ജി ഹർഷിത അട്ടല്ലൂരി നടപടിയെടുത്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഒരു കൊല്ലം മുമ്പ് കൊല്ലം ശാസ്‌താംകോട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ 21കാരനെ തേടി കഴിഞ്ഞ ദിവസം ഇയാളുടെ പത്തനംതിട്ട അടൂരിലെ വീട്ടിൽ എസ്.ഐ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയിരുന്നു. അന്ന് ശാസ്താംകോട്ട എസ്.ഐയായിരുന്നു ശരത്ത്. പ്രതിയെ കിട്ടാത്തതോടെ ഇയാളുടെ 23 വയസുള്ള മൂത്ത സഹോദരനെ വിവരങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേന കാറിൽ ബലമായി കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു.
ഇയാൾ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. ശാസ്താംകോട്ടയിൽ നിന്ന് കെ.പി.ശരത്ത് ഒരു മാസം മുമ്പാണ് ബേക്കൽ സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐയായി നിയമിതനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |