SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

സൂപ്പർ ലീഗ് കേരള കരുത്തോടെ ഫോഴ്സ, മിന്നലാകാൻ മലപ്പുറം

super

 കിക്കോഫ് രാത്രി 7.30ന്

കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ (എസ്.എൽ.കെ) ഇന്ന് കരുത്തർ നേർക്കുനേർ. കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഫോഴ്‌സ കൊച്ചി എഫ്.സിയും മലപ്പുറം എഫ്.സിയും കൊച്ചിയിൽ മാറ്റുരയ്ക്കും. ഫോഴ്‌സയുടെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. മത്സരം സി 5ലും സ്‌പോർട്‌സ് 18ലും കാണാം.

കഴിഞ്ഞ സീസണിലെ തിരിച്ചടികളിലെ പാഠം ഉൾക്കൊണ്ട് വൻ മാറ്റങ്ങളുമായാണ് ഫോഴ്‌സ ഇക്കുറി ബൂട്ടണിയുന്നത്. പ്രഥമ സീസണിൽ കൈവിട്ടുപോയ കിരീടം കൈപ്പിടിയിലൊതുക്കുക മാത്രമാണ് ലക്ഷ്യം. പുതിയ പരിശീലകനായ ബെൽജിയം മുൻ ലോകകപ്പ് താരം വിതാൽ ബൊർക്കൽമെൻസിന്റെ കീഴിൽ ഇറങ്ങുന്ന ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നായകനായ അർജന്റീന താരം നഹുവൽ പെരേരയാണ് ടീമിന്റെ തുറുപ്പുചീട്ട്.

വിദേശ താരങ്ങളും പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളും പ്രാദേശിക പ്രതിഭകളും അണിനിരക്കുന്ന കരുത്തുറ്റ നിരയാണ് ടീമിന്റെ കരുത്ത്. ബ്രസീലിയൻ താരങ്ങളായ എലിറ്റൺ പാരഡിഞ്ഞോ ജൂനിയർ, റെനാൻ ജനുവാരിയോ റോച്ച ഡി അരൗജോ, പൗലോ ഹെന്റിക് സാന്റോസ്, മെക്‌സിക്കൻ വിംഗർ ഡീഗോ ഹെർണാണ്ടസ് ജിമെനെസ് എന്നിവരാണ് ക്ലബിന്റെ വിദേശ പോരാളികൾ. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ദേബ്ജിത് മജുംദറാണ് ടീമിന്റെ കാവൽക്കാരൻ.

പോയ സീസണിൽ സെമിയിൽ വീണുപോയ മലപ്പുറം എഫ്.സി, വിജയത്തോടെ കിരീടപോരാട്ടം തുടങ്ങാനാണ് കൊച്ചിയിൽ എത്തിയത്. മൊറോക്കൻ പരിശീലകൻ കരീം ബെൻഷെരീഫയുടെ തന്ത്രങ്ങളിലാണ് ടീം ഇറങ്ങുന്നത്. റെയ്‌ഞ്ചേഴ്‌സ്, ആമിയൻസ് ക്ലബുകൾക്കായി കളിച്ച 33കാരനായ ദക്ഷിണാഫ്രിക്കൻ മിഡ്ഫീൽഡർ ബൊംഗാനി സുംഗുവാണ് ടീമിന്റെ കുന്തമുന. അദ്‌നാനെ ബെന്റഗാന, ബ്രസീലിയൻ സ്‌ട്രൈക്കർ പൗലോ വിക്ടർ എന്നിവർക്കൊപ്പം പ്രതിരോധത്തിലും മുന്നേറ്റത്തിലും കരുത്തരായ ഇന്ത്യൻ താരങ്ങളുമാണ് ടീമിന്റെ ശക്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL