
കൊച്ചി: പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്താതെ മുങ്ങിയ ഗുണ്ടയെ വീട്ടിലെത്തി പൊക്കി പൊലീസ്. പൊലീസിന്റെ ‘അറിയപ്പെടുന്ന റൗഡി’ പട്ടികയിൽപ്പെട്ട മട്ടാഞ്ചേരി ചക്കരയിടുക്ക് മൊയ്തീൻ പള്ളിക്ക് സമീപം സി.സി 3/ൽ 820 ൽ അൻസിൽ ഷായാണ് (27) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
കുറ്റകൃത്യങ്ങൾക്ക് അനുസൃതമായി ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും ഗുണ്ടകളെ തരംതിരിക്കാറുണ്ട്. നിരവധി അടിപിടി, മയക്കുമരുന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് അൻസിൽ ഷായെ അറിയപ്പെടുന്ന റൗഡി പട്ടികയിൽപ്പെടുത്തിയത്. ഇത്തരം കുറ്റവാളികൾ എപ്പോഴും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഇവരെ തിരഞ്ഞെടുപ്പ് വേളകളിലുൾപ്പെടെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തത്സ്ഥിതി വിലയിരുത്തുക പതിവാണ്.
കാപ്പ പ്രകാരം ഗുണ്ടകളെ കരുതൽ തടങ്കലിൽ അടയ്ക്കാനും നാടുകടത്താനും മാത്രമല്ല സഞ്ചാരസ്വാതന്ത്ര്യം നിയന്തിക്കാനും പൊലീസിന് സാധിക്കും. പദസഞ്ചലനം നിയന്ത്രിക്കുക എന്നാണ് പൊലീസ് ഭാഷയിൽ ഇതറിയപ്പെടുന്നത്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമത്തിലെ 15 (1) (ബി) വകുപ്പ് പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇത് പ്രകാരം ഇയാൾ പൊലീസ് സ്റ്റേഷനിൽ എല്ലാ ആഴ്ചയും രണ്ട് ദിവസം ഹാജരായി തന്റെ തത്സ്ഥിതി അറിയിക്കണം.
അൻസിൽ ഷാ ഒരുകൊല്ലത്തേക്ക് എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും മട്ടാഞ്ചേരി എസ്.എച്ച്.ഒയുടെ മുമ്പാകെ ഹാജരായി ഒപ്പിടാൻ വ്യവസ്ഥ ചെയ്ത് 2026 ഫെബ്രുവരി 26നാണ് കാപ്പ ചുമത്തി ഉത്തരവിറങ്ങിയത്. ആദ്യം സ്റ്റേഷനിലെത്തി കൃത്യമായി ഒപ്പിട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായപ്പോൾ പൊലീസിനെ അറിയിച്ചു. ഇതിനുശേഷം വീണ്ടും ഒപ്പിടാൻ എത്തിത്തുടങ്ങി. കഴിഞ്ഞ ബുധനാഴ്ച (14) മട്ടാഞ്ചേരി സ്റ്റേഷനിൽ ഹാജരായില്ല. തുടർന്നാണ് ഇന്നലെ രാവിലെ മൊയ്തീൻ പള്ളിക്ക് സമീപത്തെ വീട്ടിൽ നിന്ന് എസ്.എച്ച്.ഒ വിബിൻദാസിന്റെ നിർദ്ദേശപ്രകാരം പിടികൂടിയത്. കാപ്പ ലംഘിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |