
കൊച്ചി: മൂന്ന് പഞ്ചായത്ത് വാർഡുകൾ, ഒരു കോർപ്പറേഷൻ ഡിവിഷൻ, ആകെ വോട്ടർമാർ 10,003. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വിധിനിർണയത്തിനായി ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പരസ്യപ്രചാരണവും നിശബ്ദ പ്രചാരണവും പൂർത്തിയാക്കി വോട്ടുറപ്പിച്ച ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ മുന്നണികൾ. പൊതുതിരഞ്ഞെടുപ്പിന്റെയത്ര ആവേശം പ്രകടമല്ലെങ്കിലും പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള ശക്തമായ പ്രചാരണത്തിനാണ് വാർഡുകൾ സാക്ഷിയായത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലെ ഒരു വാർഡും ഇന്നത്തെ ജനവിധിയിൽ ഉൾപ്പെടുന്നു. ആകെ 10,003 വോട്ടർമാരാണുള്ളതെങ്കിലും 80 ശതമാനം പോളിംഗാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഉദ്യോഗസ്ഥർ ഇന്നലെത്തന്നെ വോട്ടെടുപ്പ് സാമഗ്രികളുമായി ബൂത്തുകളിലെത്തി ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ആകെ 10 ബൂത്തുകളിലായാണ് വോട്ടെടുപ്പ്.
കൊച്ചി കോർപ്പറേഷൻ വാർഡിൽ അഞ്ചും വടക്കേക്കര, പാറക്കടവ് പഞ്ചായത്തുകളിൽ രണ്ട് വീതവും പൂതൃക്കയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നാളെയാണ് വോട്ടെണ്ണൽ. ഉപതിരഞ്ഞെടുപ്പ് ഫലം നിലവിലുള്ള പ്രാദേശിക ഭരണസമിതികളുടെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും മുന്നണികൾക്ക് വിജയം അഭിമാനപ്രശ്‌നമാണ്.
പോരാട്ടച്ചൂടിൽ വാർഡുകൾ:
അയ്യപ്പൻകാവ് -19: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുൻ ഡപ്യൂട്ടി മേയർ ദീപക് ജോയ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. എ.കെ. അജിത്കുമാർ (യു.ഡി.എഫ്), പി.കെ. ഉസ്മാൻ (എൽ.ഡി.എഫ്), കെ.വി. ബിജോയ് (എൻ.ഡി.എ) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ (വോട്ടർമാർ: 6,415).
കോലഞ്ചേരി ഈസ്റ്റ് 8: പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20 അംഗം രാജിവച്ച് കോൺഗ്രസിൽ ചേർന്ന ഒഴിവിലേക്ക് നടക്കുന്ന മത്സരത്തിൽ സാറാമ്മ പൈലിപ്പിള്ള (കോൺഗ്രസ്), നീതു ജോയിഡ് (സി.പി.എം), ദീനാമ്മ ജേക്കബ് (ട്വന്റി 20) എന്നിവർ മാറ്റുരയ്ക്കുന്നു. കോൺഗ്രസിനും ട്വന്റി 20ക്കും ഇത് അഭിമാന പോരാട്ടമാണ് (വോട്ടർമാർ: 881).
പുളിയനം തെക്ക് 4: പാറക്കടവ് പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗം വിദേശത്ത് ജോലി ലഭിച്ച് രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മല്ലിക രവി (യു.ഡി.എഫ്), സുഗന്ധി ജോഷി (എൽ.ഡി.എഫ്), സാന്ദ്ര സുബ്രഹ്മണ്യൻ (എൻ.ഡി.എ) എന്നിവരാണ് മത്സരരംഗത്തുള്ളത് (വോട്ടർമാർ: 1,276).
മടപ്ലാത്തുരുത്ത് 9 - മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വടക്കേക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യു.ഡി.എഫ് അംഗം വിദേശത്തേക്ക് പോയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ജോസ് കുനിയന്തോടത്ത് (യു.ഡി.എഫ്), ലൈജു ജോസഫ് (എൽ.ഡി.എഫ്), പി.ആർ. സാൻ (എൻ.ഡി.എ) എന്നിവരാണ് സ്ഥാനാർത്ഥികൾ (വോട്ടർമാർ: 1,431).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |