SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

കരുത്ത് കാട്ടാതെ കള്ളക്കടൽ

sea

 റെഡ് അലർട്ട് ഒഴിഞ്ഞു

കൊച്ചി: കള്ളക്കടൽ റെഡ് അലർട്ട് പട്ടികയിൽ നിന്ന് കേരളത്തിന് മോചനം. ഈ മാസം 26 മുതൽ 28 വരെയായിരുന്നു കേരളതീരത്ത് കള്ളക്കടൽ റെഡ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. ആലപ്പുഴയിലടക്കം ചിലയിടങ്ങളിൽ രൂക്ഷമായ കടലേറ്റമുണ്ടായെങ്കിലും കള്ളക്കടലിൽ വലിയ നാശനഷ്ടമോ ആളപായമോ ഉണ്ടായില്ല. എങ്കിലും ജാഗ്രത കൈവിടരുതെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട്ടെ കുഞ്ചത്തൂർ വരെയുള്ള താഴ്ന്ന തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ അടിച്ചുകയറാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ആലപ്പുഴയിലെ ആറാട്ടുപുഴ, പുറക്കാട്, തൃക്കുന്നപ്പുഴ മേഖലകളിലും കൊല്ലത്തെ ആലപ്പാട്, എറണാകുളത്തെ ചെല്ലാനം, തൃശൂരിലെ കൊടുങ്ങല്ലൂർ, മലപ്പുറത്തെ പാലപ്പെട്ടി, കോഴിക്കോട്ടെ ചോമ്പാല, കണ്ണൂരിലെ വളപട്ടണം എന്നിവിടങ്ങളിലും കടലാക്രമണ ഭീഷണി നിലനിന്നിരുന്നു. തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ഇതിന്റെ സ്വാധീനമുണ്ടായി.

 തീരദേശത്ത് ആശ്വാസം

ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അധികൃതർ നൽകിയ ജാഗ്രതാ നിർദ്ദേശങ്ങൾ നാശനഷ്ടം ഒഴിവാക്കാൻ സഹായിച്ചു. നിലവിൽ തിരമാലകളുടെ ഉയരവും ശക്തിയും കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിൽ കടൽ കൂടുതൽ ശാന്തമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് ദിവസമായി അനുഭവപ്പെട്ട ഭീതിക്ക് അയവ് വന്നതിന്റെ ആശ്വാസത്തിലാണ് തീരദേശവാസികൾ.

 ഇതാണ് കള്ളക്കടൽ

അന്റാർട്ടിക് മഹാസമുദ്രത്തിലെ ശക്തമായ കാറ്റാണ് കള്ളക്കടലിന് കാരണം.

മഴയോ ശക്തമായ പ്രാദേശിക കാറ്റോ ഇല്ലാതെ കടൽ പെട്ടെന്ന് പ്രക്ഷുബ്ധമാവുകയും ഉയർന്ന തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയും ചെയ്യും

മുൻകൂട്ടി ലക്ഷണങ്ങളൊന്നും കാണിക്കാതെ അപ്രതീക്ഷിതമായി എത്തുന്നതുകൊണ്ടാണ് കള്ളക്കടൽ എന്ന് വിളിക്കുന്നത്.


 7 ദിവസത്തെ സഞ്ചാരം
അന്റാർട്ടിക് സമുദ്രത്തിൽ കാറ്റിന്റെ സ്വാധീനത്തിലുണ്ടാകുന്ന തരംഗങ്ങൾ കേരള തീരത്ത് എത്താൻ ഏകദേശം 5 മുതൽ 7 ദിവസങ്ങൾ വരെയാണ് എടുക്കുന്നത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ അന്തരീക്ഷ വ്യതിയാനമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ആഴക്കടലിൽ നിന്ന് ഉദ്ഭവിച്ച തരംഗങ്ങൾ ആയതിനാൽ തീരത്തോടടുക്കുമ്പോൾ ഇവയുടെ ഉയരവും ശക്തിയും കൂടുന്നതാണ് കള്ളക്കടലിനെ അപകടകാരിയാക്കുന്നത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL