കൊച്ചി: റെയിൽവേ മാർഷലിംഗ് യാർഡിൽ പൊളിച്ചുമാറ്റാൻ ഇട്ടിരുന്ന പഴയ റേക്കിന്റെ കോച്ചിൽ മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനും വൈറ്റിലയ്ക്കുമിടെ പൊന്നുരുന്നി മാർഷലിംഗ് യാർഡിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് സ്ത്രീയുടേതെന്ന് സംശയിക്കുന്ന ജീർണിച്ച ശരീരാവശിഷ്ടം കണ്ടെത്തിയത്. കൊലപാതകം ഉൾപ്പെടെയുള്ള സാദ്ധ്യതകൾ പൊലീസ് പരിശോധിക്കുന്നു.
മാർഷലിംഗ് യാർഡിലെ അറ്റകുറ്റപ്പണികൾക്കുള്ള പ്രധാന ട്രാക്കുകൾക്കപ്പുറത്ത് ക്രെയിൻ ഷെഡിനടുത്ത മൂന്ന് ട്രാക്കുകളിൽ ഒന്നിൽ കിടക്കുന്ന റേക്കിന്റെ കോച്ചിലാണ് അസ്ഥികൂടം കണ്ടത്. റേക്ക് പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് റെയിൽവേ ഇലക്ട്രിക്കൽ ജീവനക്കാർ കോച്ചിലെ ഫാനുകളുടെയും ലൈറ്റുകളുടെയും എണ്ണം തിട്ടപ്പെടുത്താൻ എത്തിയിരുന്നു. കോച്ച് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ എമർജൻസി ജനാലയിലൂടെ അകത്തു കടന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്.
കോച്ചിലെ ഇടനാഴിയിൽ മലർന്ന് കിടക്കുന്ന നിലയിലാണ് അസ്ഥികൂടം. സ്ത്രീകൾ ധരിക്കുന്ന അടിവസ്ത്രങ്ങളും നീണ്ടമുടിയുമുണ്ട്. സമീപത്ത് അടിപ്പാവാടയും ബ്ലൗസും കോച്ചിലെ ലഗേജ് വയ്ക്കുന്നിടത്ത് തൂക്കിയിട്ടിട്ടുണ്ട്. ട്രാൻസ്ജെൻഡർ ആകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. പ്രാഥമിക പരിശോധന നടത്തിയ ശേഷം കോച്ച് സീൽ ചെയ്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. പാലാരിവട്ടം, കടവന്ത്ര, എറണാകുളം റെയിൽവേ പൊലീസും ആർ.പി.എഫും സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |