
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടമായ പിങ്ക് ലൈൻ അടുത്ത വർഷം ആഗസ്റ്റിൽ പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷ. ആഗസ്റ്റിൽ തന്നെ സർവീസ് തുടങ്ങാനുള്ള നീക്കങ്ങളിലാണ് കെ.എം.ആർ.എൽ. ട്രാക്ക് വർക്ക്, സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുതി വിതരണം അടക്കം എല്ലാ കരാറുകളും നൽകി. ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ 44 കിലോ മീറ്റർ (2,700 മെട്രിക് ടൺ) റെയിലുകൾ എത്തി. 18 മീറ്റർ നീളത്തിലുള്ള 2444 റെയിലുകളാണിവ. ലിഫ്റ്റ്, എസ്‌കലേറ്റർ മുതലായവയുടെ നിർമ്മാണ ജോലികൾ ഫാക്ടറികളിൽ പുരോഗമിക്കുകയാണ്. ഒക്ടോബറിൽ ഇവ കൊച്ചിയിൽ എത്തിക്കും.
സ്റ്റേഷനുകളുടെ നിർമ്മാണവും സജീവമാണ്. പൈലിംഗ്, പൈൽ ക്യാപ് നിർമ്മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷൻ ജോലികളും പൂർത്തിയായി. പാതയ്ക്കായുള്ള പൈലിംഗ് ജോലികളുടെ 92 ശതമാനവും പൂർത്തിയായി. 2028 പൈലുകളിൽ 1877 എണ്ണവും 470 തൂണുകളിൽ 397 എണ്ണവും പൂർത്തിയാക്കി. 266 പിയർ ക്യാപ്പുകളും സ്ഥാപിച്ചു. 346 യു ഗർഡറുകളും 136 ഐ ഗർഡറുകളും സ്ഥാപിച്ചതോടെ 5 കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്. 24 മണിക്കൂറും സജീവമായി നടക്കുന്ന നിർമാണത്തിലൂടെ പ്രതിദിനം 30 മുതൽ 40 മീറ്റർ വരെ പാത പൂർത്തിയാകുന്നുണ്ട്.
തുടക്കത്തിൽ വിദേശ വായ്പാ അനുമതി വൈകിയതും കെ.എസ്.ഇ.ബി വാട്ടർ അതോറിറ്റി ലൈനുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കൽ അടക്കമുള്ള പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിർണായക ഘട്ടത്തിലെത്തിയത്.
വയഡക്ട് പൂർത്തിയായ സിവിൽലൈൻ റോഡിലും ഇൻഫോപാർക്ക് എക്‌സ്‌പ്രസ് വേ റോഡിലെയും ഇടങ്ങളിൽ റോഡിൽ മീഡിയൻ നിർമ്മാണവും ആരംഭിച്ചു. പ്രധാന സിവിൽ കരാർ അഫകോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്കാണ്.
11.20 കി.മീ
ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി സ്മാർട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റർ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിർമാണമാണ് മുന്നേറുന്നത്. വയഡക്ടിന്റെ നിർമ്മാണം 2024 ജൂൺ 12നാണ് ആരംഭിച്ചത്.
11 സ്റ്റേഷനുകൾ
• ജെ.എൽ.എൻ. സ്റ്റേഡിയം ( ഇന്റർചേഞ്ച് സ്റ്റേഷൻ)
• പാലാരിവട്ടം ജംഗ്ഷൻ
• ആലിൻചുവട്
• ചെമ്പുമുക്ക്
• വാഴക്കാല
• പടമുകൾ
• സിവിൽ സ്‌റ്റേഷൻ ജംഗ്ഷൻ
• കൊച്ചി സെസ്
• ചിറ്റേത്തുകര
• കിൻഫ്ര പാർക്ക്
• ഇൻഫോപാർക്ക്
• സ്മാർട് സിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |