
കൊച്ചി: പൊന്നുരുന്നി മാർഷലിംഗ് യാർഡിൽ പൊളിക്കാനിട്ടിരുന്ന കോച്ചിനകത്ത് കണ്ടെത്തിയ അസ്ഥികൂടം ആരുടേത്? തിങ്കളാഴ്ച വൈകിട്ട് 3.30ന് ജീർണിച്ച നിലയിൽ കാണപ്പെട്ട മൃതദേഹം ഇന്നലെ വൈകിട്ട് 4.50ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും വരെ മരിച്ചത് പുരുഷനാണോ സ്ത്രീയാണോ, ട്രാൻസ്ജെൻഡറാണോ എന്ന് തിരിച്ചറിയാനായിട്ടില്ല. രാവിലെ കോച്ചിൽ വിശദപരിശോധന നടത്തിയ പൊലീസ് ഫോറൻസിക് സംഘത്തിന് മരണത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ കിട്ടിയില്ല. അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. കോച്ചിൽ നിന്ന് രക്തക്കറയൊന്നും കിട്ടിയില്ലെന്ന് കടവന്ത്ര പൊലീസ് പറഞ്ഞു. കൃത്യമായ കാലനിർണയത്തിനും ലിംഗനിർണയത്തിനും ഇനി ആശ്രയം പോസ്റ്റ്മോർട്ടം മാത്രം. ഇതിനായി രണ്ട് ദിവസം കൂടി കാത്തിരിക്കും.
കോച്ചിന് 34 വർഷത്തെ പഴക്കം
അസ്ഥികൂടം കാണപ്പെട്ട ആർസി 94410 കോച്ചിന് 34 കൊല്ലം പഴക്കമുണ്ട്. 2024 ഡിസംബർ 3നാണ് ഈ കോച്ച് ഉൾപ്പെട്ട റേക്ക് പൊന്നുരുന്നി മാർഷലിംഗ് യാർഡിൽ പൊളിച്ചുമാറ്റാൻ കൊണ്ടുവന്നത്. കഴിഞ്ഞമാസമാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരായ സന്ദീപ് കുമാർ, സൗമ്യ, രശ്മി എന്നിവർ കോച്ചിനകത്ത് പരിശോധന നടത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടത്. കോച്ചിന് സമീപം എത്തിയപ്പോൾ ദുർഗന്ധം വമിച്ചിരുന്നു. വാതിൽ ലോക്കായതിനാൽ ഏണിയെത്തിച്ച് എമർജൻസി വാതിൽ വഴി അകത്തു കടന്നപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്.
കേസെടുക്കുന്നതിൽ അതിർത്തി തർക്കം
പൊന്നുരുന്നി മാർഷലിംഗ് യാർഡ് കടവന്ത്ര, പാലാരിവട്ടം, എറണാകുളം നോർത്ത് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ്. അതിനാൽ ഏത് പൊലീസാണ് കേസെടുക്കേണ്ടതെന്ന കാര്യത്തിൽ തിങ്കഴാഴ്ച രാത്രി വരെ തർക്കം നിലനിന്നു. കോച്ചിനകത്തെ മരണത്തിൽ റെയിൽവേ പൊലീസാണ് കേസെടുക്കേണ്ടതെന്ന വാദവും ഉയർന്നു. ഇന്നലെ രാവിലെയാണ് കടവന്ത്ര പൊലീസിന് ഗോളടിച്ചത്. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കടവന്ത്ര സി.ഐ ആർ. വിനോദാണ് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. ആറു മാസം മുമ്പ് എറണാകുളം സൗത്ത് മേൽപ്പാലത്തിന് സമീപം ഫാക്റ്റിന്റെ പൊട്ടിപ്പൊളിഞ്ഞ് കിടന്ന കെട്ടിടത്തിൽ കാണപ്പെട്ട അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താൻ കടവന്ത്ര പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പുതിയൊരു അസ്ഥികൂടം കൂടി കിട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |