
യു.ഡി.എഫ്-2, എൽ.ഡി.എഫ് -1, ട്വന്റി20 -1
കൊച്ചി: ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറിയില്ല. നാല് വാർഡുകളും നിലവിലെ മുന്നണികൾ നിലനിറുത്തി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് (19) ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ. അജിത്കുമാർ, പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡിൽ ട്വന്റി20 സ്ഥാനാർത്ഥി ദീനാമ്മ ജേക്കബ്, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് ഈസ്റ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കുനിയത്തോടത്ത്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം സൗത്തിൽ എൽ.ഡി.എഫിന്റെ സുഗന്ധി ജോഷി എന്നിവർ വിജയിച്ചു.
പോളിംഗ് കുറഞ്ഞിട്ടും കോട്ട കാത്ത് യു.ഡി.എഫ്
ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ അയ്യപ്പൻകാവ് ഡിവിഷനിൽ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. അജിത്കുമാർ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഉസ്മാന് 943 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥി സുജിത്ത് സി. സുകുമാരൻ 305 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. ബിജോയ് 269 വോട്ടും നേടി. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുൻ ഡെപ്യൂട്ടി മേയർ ദീപക് ജോയ് രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. 2020ലെ തിരഞ്ഞെടുപ്പിൽ 1183 വോട്ടിനായിരുന്നു ദീപക് വിജയിച്ചത്. ഇക്കുറി 46.91 ശതമാനമായിരുന്നു പോളിംഗ്.
ട്വന്റി20യെ കൈവിടാതെ കോലഞ്ചേരി ഈസ്റ്റ്
അഭിമാന പോരാട്ടത്തിൽ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി20 നിലനിറുത്തി. 96 വോട്ടുകൾക്കാണ് ദീനാമ്മ ജേക്കബ് വിജയിച്ചത്. 339 വോട്ടുകൾ നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി സാറാമ്മ പൈലിപ്പിള്ളയ്ക്ക് 243 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി നീതു ജോയിക്ക് 137 വോട്ടും ലഭിച്ചു. ട്വന്റി20 സ്ഥാനാർത്ഥിയായി വിജയിച്ച പൂജ ജോമോൻ രാജിവച്ച് കോൺഗ്രസിൽ ചേർന്നതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായ പൂജ തത്‌സ്ഥാനവും രാജിവച്ചിരുന്നു. 2020ൽ 49 വോട്ടുകൾക്കായിരുന്നു പൂജയുടെ വിജയം.
മടപ്ലാതുരുത്തിൽ യു.ഡി.എഫ് തേരോട്ടം
മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് ഈസ്റ്റ് വാർഡിൽ യു.ഡി.എഫ് തന്നെ. 140 വോട്ടുകൾക്കാണ് ജോസ് കുനിയത്തോടത്തിന്റെ ജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് 471 വോട്ട് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി പി.ആർ. സാനിന് 38 വോട്ടേ ലഭിച്ചുള്ളൂ. യു.ഡി.എഫ് അംഗമായിരുന്ന സെബി പുത്തൻവീട്ടിൽ വിദേശത്ത് ജോലി ലഭിച്ച് രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. 162 വോട്ടുകൾക്കായിരുന്നു അന്ന് സെബിയുടെ വിജയം.
പുളിയനത്ത് ചെങ്കൊടി പാറി
ജില്ലയിൽ എൽ.ഡി.എഫ് വിജയിച്ച ഏക വാർഡാണ് പുളിയനം സൗത്ത്. 207 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുഗന്ധി ജോഷി സിറ്റിംഗ് സീറ്റ് നില നിറുത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥി മല്ലികയ്ക്ക് 368 വോട്ടും ബി.ജെ.പിയുടെ സാന്ദ്ര സുബ്രഹ്മണ്യന് 25 വോട്ടും ലഭിച്ചു. എൽ.ഡി.എഫ് അംഗമായിരുന്ന രാജി രാജീവ് വിദേശത്ത് ജോലി ലഭിച്ച് രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 2025ൽ 372 വോട്ടായിരുന്നു എൽ.ഡി.എഫിന്റെ ഭൂരിപക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |