SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.20 AM IST

സുഭാഷ് ചന്ദ്രൻ,​ ഇടമലക്കുടിയുടെ നാവ്

subhash

കൊച്ചി: ഇടമലക്കുടിയിലെ ഗോത്രവർഗ ജനതയോടുള്ള സർക്കാർ സംവിധാനങ്ങളുടെ ചിറ്റമ്മനയത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ നിരന്തര സമരത്തിലാണ് ഒരു മുൻ സർക്കാർ ജീവനക്കാരൻ. പുസ്തകമെഴുതിയും ഫേസ് ബുക്കിൽ കുറിപ്പിട്ടും നേരിട്ടു പ്രതിഷേധിച്ചുമെല്ലാം പോരാട്ടം തുടരുകയാണ് അടിമാലി സ്വദേശിയും മുൻ ജലവിഭവ വകുപ്പ് ജീവനക്കാരനുമായ സുഭാഷ് ചന്ദ്രൻ.

ഇടമലക്കുടിയിലെ പ്രശ്നങ്ങൾ 2025 സെപ്തംബർ 5 മുതൽ തന്റെ ഫേസ് ബുക്ക് പേജിൽ ഒരു ദിനംപോലും മുടങ്ങാതെ എഴുതുന്നുണ്ട് അടിമാലി കുരുപ്പയിൽ വീട്ടിൽ സുഭാഷ് ചന്ദ്രൻ. രോഗികളെ ചുമന്ന് കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയിൽ എത്തിക്കുന്നതും കുത്തിയൊഴുകുന്ന കാട്ടരുവികളിലൂടെ നടന്നുകയറി സ്കൂളിലെത്തുന്ന കൊച്ചുകുട്ടികളുടെ ദുരിത ജീവിതവുമൊക്കെ സുഭാഷിന്റെ കുറിപ്പുകളിലൂടെ പുറംലോകമറിഞ്ഞു.

ഇവ ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.എ. തുളസി ഇടമലക്കുടിക്കാരുടെ സങ്കടം നേരിട്ടുകേൾക്കാൻ ഇടുക്കിയിലെത്തി. കൂടല്ലാർകുടിയിൽ നിന്ന് മാങ്കുളത്തേക്ക് നാല് കിലോമീറ്റർ റോഡ് നിർമ്മിക്കാൻ ഉത്തരവും നൽകി.

പാതിയിൽ നിലച്ച പാക്കേജ്

പനി ബാധിച്ച് അവശയായ രാജകന്യക എന്ന മദ്ധ്യവയസ്കയെ കാട്ടുകമ്പുകളും തുണിയുംകൊണ്ട് നിർമ്മിച്ച താത്കാലിക സ്ട്രെച്ചറിൽ നാല് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ച ആദിവാസി യുവാക്കൾ സാമൂഹ്യമാദ്ധ്യമത്തിലൂടെ നടത്തിയ മുറവിളിയാണ് സുഭാഷിന് പ്രചോദനം.

1950 മുതൽ വനത്തിനുള്ളിൽ അധിവസിക്കുന്നവരാണ് ഇടമലക്കുടിയിലെ മുതുവാന്മാർ. അടിസ്ഥാന സൗകര്യങ്ങൾ തൊട്ടുതീണ്ടാത്ത വനഗ്രാമത്തെ 2010ൽ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചെങ്കിലും ആദിവാസികളുടെ ജീവിതത്തിന് മാറ്റമുണ്ടായില്ല.

2011ൽ സുഭാഷ് ചന്ദ്രൻ എഴുതിയ 'ഇടമലക്കുടി" എന്ന പുസ്തകം സർക്കാർ ഏറ്റെടുത്ത് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി 1000 കോപ്പികൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. ആ പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ 10.35 കോടി രൂപയുടെ ഇടമലക്കുടി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പാതിവഴിയിൽ നിലച്ചുപോയി.

ഇടമലക്കുടിയുടെ നൊമ്പരങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്നതല്ല. എങ്കിലും അതിനായി പോരാട്ടം തുടരും.

-സുഭാഷ് ചന്ദ്രൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY