SignIn
Kerala Kaumudi Online
Thursday, 16 July 2026 9.47 AM IST

പൂച്ചപ്ര  -ദേവരുപാറ റോഡ് പുനരുദ്ധാരണം: 99.42 ലക്ഷത്തിന്റെ ഭരണാനുമതിയായി

തൊടുപുഴ: പൂച്ചപ്ര -ദേവരുപാറ പി.എം.ജി.എസ്.വൈ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പ്രളയത്തിൽ തകർന്നുപോയ റോഡിന്റെ ഭാഗങ്ങൾ പൂർണ്ണതോതിൽ ഗതാഗതയോഗ്യമാക്കുന്നതിനായി 99,42,000 രൂപയുടെ പുതുക്കിയ പുനരുദ്ധാരണ എസ്റ്റിമേറ്റിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകി ഉത്തരവായിരിക്കുന്നത്.

2018ലുണ്ടായ അതിശക്തമായ പ്രളയത്തിലും ഉരുൾപൊട്ടലിലുമാണ് നിർമ്മാണത്തിലിരുന്ന ഈ റോഡിന്റെ പ്രധാന ഭാഗങ്ങൾ പൂർണ്ണമായും തകർന്നുപോയത്. മലവെള്ളപ്പാച്ചിലിൽ വലിയ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞ് റോഡിന്റെ സംരക്ഷണ ഭിത്തികളും മറ്റ് ഘടനകളും പാടെ തകരുകയായിരുന്നു. തകർച്ച നേരിട്ട ഭാഗമൊഴികെ റോഡിന്റെ ബാക്കി നിർമ്മാണപ്രവർത്തനങ്ങൾ മുൻപ് തന്നെ പൂർത്തിയായിരുന്നുവെങ്കിലും, ഈ ഒരു ഭാഗത്തെ തടസ്സം മൂലം പ്രദേശവാസികൾക്ക് റോഡിന്റെ പ്രയോജനം പൂർണ്ണമായി ലഭിച്ചിരുന്നില്ല.

തകർന്ന ഭാഗങ്ങളിൽ സ്ഥിരതയുള്ള കോൺക്രീറ്റ് റീറ്റൈനിംഗ് വാൾ, കോൺക്രീറ്റ് പെയ്വ്‌മെന്റ്, ഗാർഡ് വർക്കുകൾ, ഐറിഷ് ഡ്രെയിനേജ് തുടങ്ങിയ അത്യാവശ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി റോഡ് എത്രയും വേഗം ഗതാഗതത്തിനായി തുറന്നുകൊടുക്കുക എന്നതാണ് ഈ തുകയിലൂടെ ലക്ഷ്യമിടുന്നത്. പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഈ പ്രോജക്ടിന് അനുമതി ലഭ്യമായതിനാൽ തുടർനടപടികൾ വേഗത്തിലാക്കി നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും എം.പി അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL