SignIn
Kerala Kaumudi Online
Thursday, 16 July 2026 10.12 AM IST

മാലിന്യം നിറഞ്ഞ് ജലാശയങ്ങൾ

plastic
മാലിന്യം

 പരിശോധനകളും നിരിക്ഷണങ്ങളും അപര്യാപ്തമെന്ന് ആക്ഷേപം

തൊടുപുഴ: മഴക്കാലം ആരംഭിച്ചതോടെ പാതയോരങ്ങളിലും ജലാശങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് വ്യാപകമാകുന്നു. ഗ്രാമീണമേഖലകളിലും നഗരങ്ങളിലുമടക്കം ഇത്തരംസംഭവങ്ങൾ പതിവാകുകയാണ്. എന്നാൽ നീരൊഴുക്ക് വർദ്ധിച്ചതോടെ ഇവവേഗത്തിൽ ഒഴുകിപ്പോകുന്നതിനാൽ പ്രത്യക്ഷത്തിൽ ജലം ശുദ്ധമെന്ന് തോന്നുമെങ്കിലും പലതും മലിനമായാണ് ഒഴുകുന്നതെന്നാണ് യാഥാർത്ഥ്യം. പലരും ഗാർഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ജലസ്രോതസുകളാണ് മലിനപ്പെടുന്നവയിൽ ഏറെയും. ഗ്രാമപ്രദേശങ്ങളിൽ തോടുകളിലും ജലാശങ്ങളിലുമെല്ലാം ഇതാണ് അവസ്ഥ. മഴകുറയുമ്പോൾ വെള്ളത്തിൽ അടിയുന്ന മാലിന്യങ്ങൾ ശക്തമായ മഴയുള്ളപ്പോൾ കുത്തിയൊലിച്ച് പോകുന്നതിനാൽ വ്യാപ്തിഅധികമെന്നത് മനസിലാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഗ്രാമീണമേഖലകളിൽ പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞതും നഗരങ്ങളിൽ മാലിന്യസംഭരണകേന്ദ്രങ്ങൾ നിറഞ്ഞതും മറ്റൊരു പ്രതിസന്ധിയാണ്. വേനൽക്കാലത്ത് മാലിന്യനിക്ഷേപം നടത്തുവരെകണ്ടെത്തി പല പഞ്ചായത്തുകളും നഗരസഭകളുമടക്കം പിഴ ഈടാക്കിയിരുന്നെങ്കിലും ഇപ്പോൾ ഇത്തരം നടപടികളില്ലാത്തതാണ് മാലിന്യംനിക്ഷേപം വർധിക്കാൻ ഇടയാക്കുന്നത്.

 മാലിന്യനിക്ഷേപം കൂടുതലും പാതയോരങ്ങളിൽ

മഴക്കാലമായതോടെ പാതയോരങ്ങളോട് ചേർന്നുള്ള ജലാശങ്ങളിലാണ് കൂടുതലായും മാലിന്യനിക്ഷേപം കാണപ്പെടുന്നത്. ഗ്രാമീണമേഖലകളിലാണ് ഇത്തരംസംഭവങ്ങൾ കൂടുതലും. മലയോരമേഖലകളിൽ വനമേഖലകളിലും ഒഴിഞ്ഞപ്രദേശങ്ങളിലും ഇവ വലിച്ചെറിയുന്ന സംഭവങ്ങളും നിത്യകാഴ്ചയാണ്. മിക്കയിടങ്ങളിലും പാതയോരങ്ങൾ കാടുമൂടികിടക്കുന്നതിനാൽ പലയിടത്തും മാലിന്യം കിടക്കുന്നത് അധികമാരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മുമ്പ് പലയിടത്തും നിരീക്ഷണക്യാമറകൾ സജീവമായിരുന്നതിനാൽ പലരെയും നാട്ടുകാർ മുൻകൈയെടുത്ത് പിടികൂടിയ സംഭവങ്ങളും നിരവധിയാണ്. എന്നാൽ ഇപ്പോൾ പലയിടത്തും ക്യാമറകൾ പ്രവർത്തനരഹിതമായതോടെ ഒരുതുമ്പുമില്ലാത്ത അവസ്ഥയാണ്.

കൃഷിയിടങ്ങളിലും മാലിന്യമെത്തുന്നു

ജലാശങ്ങളിലൂടെ ഒഴുകുന്നമാലിന്യങ്ങൾ മഴവെള്ളത്തിനൊപ്പം കൃഷിയിടങ്ങളിൽ അടിയുന്നത് വ്യാപകമാണ്. തോടുകൾക്ക് സമീപമുള്ള കൃഷിയിടങ്ങളിലാണ് ഇത്തരത്തിൽ മാലിന്യം കാണപ്പെടുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ മുതൽ പാംമ്പറുകൾവരെ ഇത്തരത്തിൽ ഒഴുകിയെത്തുന്നുണ്ട്. വെള്ളം ഇറങ്ങിയാൽ ഇത് എന്ത്ചെയ്യണമെന്നറിയാതെ കർഷകരും കുഴങ്ങുന്ന അവസ്ഥയാണ്. പരിശോധനയ്ക്കൊപ്പം ബോധവത്ക്കരണവും ശക്തമാക്കണമെന്ന ആവശ്യവും പൊതുജനങ്ങൾക്കിടയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL