SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.30 PM IST

പച്ചക്കറിവില മാനംമുട്ടേ.. താളംതെറ്റി കുടുംബ ബഡ്ജറ്റ്

തൊടുപുഴ: കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു. പാചക വാതക ക്ഷാമത്തിന്റെ മറവിൽ ഹോട്ടൽ ഭക്ഷണങ്ങൾക്കടക്കം വില കൂടിയതിന് പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നത് സാധാരണക്കാർക്ക് വൻ ഇരുട്ടടിയാണ്. മുരിങ്ങയ്ക്ക, ക്യാരറ്റ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയ്ക്കെല്ലാം വില ഉയർന്നു. പത്ത് രൂപ മുതൽ 110 രൂപയുടെ വരെ വില വർദ്ധനവാണ് പല സാധനങ്ങൾക്കുമുണ്ടായത്. വെളുത്തുള്ളി വില 140ൽ നിന്ന് 250ലേക്കെത്തി. 140ൽ നിന്നിരുന്ന വിത്ത് ഇഞ്ചിവില 250ലെത്തി. മൂത്ത ഇഞ്ചിക്ക് 300- 350 ആണ് കിലോവില. എന്നാൽ ചില പച്ചക്കറികൾക്ക് വില മാറ്റമില്ലാതെ തുടരുന്നുണ്ട്. തമിഴ്നാട്ടിൽ വിളവെടുപ്പ് സീസൺ കഴിയാറായതാണ് വില കൂടാൻ കാരണം. ജില്ലയിലേക്ക് ഭൂരിഭാഗം പച്ചക്കറികളും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. പച്ചക്കറിവില കുതിച്ചുയരുന്നത് വലിയ തിരിച്ചടിയായതോടെ വിപണി ഇടപെടൽ സർക്കാർ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

എരിയും കാന്താരിവില

ലഭ്യത കുറഞ്ഞതോടെ കാന്താരിവില റെക്കാഡിലെത്തി. 500ന് മുകളിലാണ് വില. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 200- 300 എന്ന രീതിയിൽ നിന്നിരുന്ന വിലയാണ് കുതിച്ചുയർന്നിരിക്കുന്നത്. തരവും വലിപ്പവും അനുസരിച്ച് വൻകിട മാളുകളിലും ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും 600 മുതൽ 1000 രൂപ വരെയാണ് വില. അധികം ഉത്പാദനമില്ലാത്തതും വിലകൂടാൻ കാരണമാണ്.

 പച്ചക്കറി വില (ബ്രാക്കറ്റിൽ പഴയത്)

മുരിങ്ങക്ക: 140 (80)

പടവലങ്ങ: 50 (30)

വെള്ളരി: 40 (22)

കാബേജ് : 50 (40)

ക്യാരറ്റ്: 80 (50)

പയർ: 60 (50)

പച്ചമാങ്ങ: 40 (30)

വെള്ളരി: 40 (20)

ഏത്തകായ: 40 (22)

വെളുത്തുള്ളി: 250 (140)

ചുവന്നുള്ളി: 80 (50)

ഇഞ്ചി: 350 (140)

 വില മാറ്റമില്ലാത്തവ

കിഴങ്ങ്, സവാള: (3 കിലോ 100)

തക്കാളി: 50

പച്ചമുളക്: 75

ബീൻസിന് കുറഞ്ഞു

ബീൻസ് വില 160ൽ നിന്നും നൂറായി കുറഞ്ഞു

'യുദ്ധത്തിന്റെ പേരിൽ കൂട്ടിയ സാധനങ്ങളുടെ വില യുദ്ധം കഴിഞ്ഞിട്ടെന്താ കുറയ്ക്കാത്തത്. ഒരു രീതിയിലും മുന്നോട്ടുപാകാനാകാത്ത സ്ഥിതിയാണ് "

-അമൃത അപ്പു (അദ്ധ്യാപിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL