മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്
മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർന്നതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി. അപകടസാദ്ധ്യത കണക്കിലെടുത്ത് ശനി വൈകിട്ട് മുതൽ സുജാത ഇൻ മുതൽ ആർ.ഒ. കവല വരെയുള്ള പ്രധാന പാതയിലൂടെയുള്ള ഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചു. നിലവിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ബൈപാസ് റോഡ് വഴിയാണ് മൂന്നാർ ടൗണിലേക്ക് കടത്തിവിടുന്നത്. എന്നാൽ, ബൈപാസ് റോഡിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ഇടുങ്ങിയ പാലത്തിലൂടെ ഒരു സമയം ഒരു നിരയായി മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കൂ. ഇതോടെ രണ്ട് ദിവസമായി ടൗണിലും പരിസര പ്രദേശങ്ങളിലും കിലോമീറ്ററുകളോളം നീളുന്ന കനത്ത ഗതാഗതക്കുരുക്കാണുണ്ടാകുന്നത്. ബൈപാസ് റോഡിൽ നിന്ന് ടൗൺ വരെയുള്ള വെറും ഒരു കിലോമീറ്റർ ദൂരം താണ്ടാൻ നിലവിൽ രണ്ട് മണിക്കൂറിലധികം സമയമാണെടുക്കുന്നത്. മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി റോഡ്, മറയൂർ റോഡ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്കുള്ള വഴികളെയെല്ലാം ഈ കുരുക്ക് സാരമായി ബാധിച്ചിട്ടുണ്ട്.
ദേശീയപാത വീതികൂട്ടൽ ജോലികൾ നടക്കുന്ന സി.എസ്.ഐ പള്ളിക്ക് സമീപത്തെ ഭൂമിയിൽ വലിയ രീതിയിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളേക്കാൾ വിള്ളലിന്റെ വ്യാപ്തി കൂടിയ സാഹചര്യത്തിൽ, സുരക്ഷ മുൻനിറുത്തി അധികൃതർ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ മഴ വീണ്ടും കനത്താൽ ഈ ഭാഗത്ത് വലിയ രീതിയിലുള്ള മലയിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. പ്രദേശം സന്ദർശിച്ച് ദുരന്തസാദ്ധ്യത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റിനെയും ചുമതലപ്പെടുത്തി.
'ദേശീയ പാതയിൽ മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള യാത്ര വിനോദ സഞ്ചാരികൾ ഒഴിവാക്കണം. അപകട സാദ്ധ്യതാ മേഖലകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്."
-ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |