അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ അടിമാലിയിൽ കഴിഞ്ഞ ഒക്ടോബർ 25നുണ്ടായ മണ്ണിടിച്ചിലിലകപ്പെട്ട ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണം ആരംഭിച്ചു. ലക്ഷംവീട് നഗറിലെ ദുരിതബാധിതരുടെ കുത്തിയിരിപ്പ് സമരം 13-ാംദിവസത്തിലേക്ക് കടന്നിരിക്കെയാണ് റവന്യൂ വകുപ്പ് ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്ക് വാടകത്തുക കൈമാറിത്തുടങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് മുതലാണ് തുക അക്കൗണ്ടുകളിൽ എത്തിത്തുടങ്ങിയത്. തിങ്കളാഴ്ച പുതിയ ദേവികുളം തഹസിൽദാർ ചുമതലയേറ്റതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി. വൈകിട്ടോടെ ട്രഷറിയിൽ നിന്ന് 12 കുടുംബങ്ങളുടെ വാടകത്തുക അക്കൗണ്ടുകളിലേക്ക് കൈമാറി. വാടകയ്ക്ക് പുറമെ 17 കുടുംബങ്ങൾക്കും അടിയന്തര ധനസഹായമായി 10,000 രൂപ വീതം അനുവദിച്ചതായും തഹസിൽദാർ അറിയിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് തിങ്കളാഴ്ച ട്രഷറിയിൽ നിന്ന് ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. . എന്നാൽ വാടകത്തുക ലഭിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ദുരിതബാധിതർ. പൂർണമായും തകർന്ന വീടുകൾക്കായി സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം തങ്ങൾക്കും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. ജൂൺ 25നാണ് അടിമാലി ലക്ഷംവീട് നഗറിലെ ദുരിതബാധിതരായ 17 കുടുംബങ്ങൾ ദുരന്തഭൂമിയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. കാലവർഷം ശക്തിപ്രാപിച്ച് മണ്ണിടിച്ചിൽ ഭീഷണി ഉയർന്നതിനെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് സമരക്കാരെ അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാറ്റി. സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതി ഭാരവാഹികളുടെ നിലപാട്.
'പൂർണമായും വീട് നഷ്ടമായവരെപ്പോലെ തന്നെ ഞങ്ങൾക്കും വീടുകളിൽ താമസിക്കാൻ കഴിയുന്നില്ല. അതിനാൽ അതേ ധനസഹായത്തിന് ഞങ്ങളും അർഹരാണ് "
-സമരസമിതി പ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |