SignIn
Kerala Kaumudi Online
Saturday, 11 July 2026 8.37 AM IST

ചിന്നക്കനാലിൽ കാട്ടാനയെ തുരത്താൻ പുതിയ ആർ.ആർ.ടി

മനുഷ്യ- വന്യമൃഗ ശല്യം ഒഴിവാക്കുക മാത്രം ചുമതല

മൂന്നാർ: ചിന്നക്കനാൽ നിവാസികളുടെ ഉറക്കം കെടുത്തുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആദ്യമായി സ്വതന്ത്രമായൊരു ആർ.ആർ.ടി സംഘം പ്രവർത്തനം ആരംഭിക്കുന്നു. നിലവിലുണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങളെ മറികടന്ന്, അത്യാധുനിക സംവിധാനങ്ങളോടെയും കൂടുതൽ ജീവനക്കാരുടെയും പിന്തുണയോടെയുമാണ് പുതിയ സേന രംഗത്തിറങ്ങുന്നത്. മനുഷ്യ- വന്യമൃഗ ശല്യം ഒഴിവാക്കുക മാത്രമാണ് ഇവരുടെ ചുമതല. ഇതുവരെ ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള ഒരു ഇന്റേണൽ ആർ.ആർ.ടി മാത്രമാണ് ചിന്നക്കനാലിൽ പ്രവർത്തിച്ചിരുന്നത്. തുച്ഛമായ ഫണ്ടും ആവശ്യത്തിന് വാഹനങ്ങളുമില്ലാതെ കടുത്ത പ്രതിസന്ധിയിലായിരുന്നു ഈ വിഭാഗം. വനംവകുപ്പിന് സ്വന്തമായി വണ്ടികളില്ലാതിരുന്നതിനാൽ യു.എൻ.ഡി.പി സ്‌പോൺസർ ചെയ്ത ഒരൊറ്റ വാഹനം മാത്രമായിരുന്നു ഇവരുടെ ഏക ആശ്രയം. വന്യമൃഗങ്ങളെ തുരത്തുന്നതിനൊപ്പം തന്നെ കാട്ടുതീ തടയലടക്കമുള്ള മറ്റ് വനസംരക്ഷണ പ്രവർത്തനങ്ങളിലും ഈ എട്ടംഗ സംഘത്തിന് ഏർപ്പെടേണ്ടി വന്നിരുന്നു. ഇത് ജനവാസമേഖലകളിലെ അടിയന്തര ഇടപെടലുകളെ പലപ്പോഴും ബാധിച്ചിരുന്നു.

വന്യമൃഗ ശല്യത്തിന് അടിയന്തരമായി തടയിടാൻ പൂർണ്ണ സജ്ജമായാണ് പുതിയ സ്വതന്ത്ര ആർ.ആർ.ടി.യുടെ വരവ്. വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയിൽ കഴിയുന്ന ചിന്നക്കനാലിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വലിയ ആശ്വാസം പകരുന്നതാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനം. പുതിയ സേന നിലവിൽ വരുന്നതോടെ ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനകളെ കൃത്യസമയത്ത് നിരീക്ഷിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സാധിക്കുമെന്നാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.

സവിശേഷതകൾ ഏറെ
 വനസംരക്ഷണ ജോലികളിൽ നിന്ന് ഒഴിവാക്കി, പൂർണ്ണമായും മനുഷ്യവന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ മാത്രമായിരിക്കും ഈ സേന പ്രവർത്തിക്കുക.

 ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഒഫീസറുടെ നേരിട്ടുള്ള നേതൃത്വത്തിൽ 15 പേരടങ്ങുന്ന ശക്തമായ ഒരു സംഘമാണ് ചിന്നക്കനാലിൽ കാവലൊരുക്കുക.

 അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ സ്ഥലത്തെത്താൻ പുതിയ സേനയ്ക്കായി രണ്ട് പ്രത്യേക വാഹനങ്ങൾ അനുവദിച്ചിട്ടുണ്ട്.

 പണത്തിന്റെ കുറവ് മൂലം പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ കൃത്യമായ സംസ്ഥാന ഫണ്ടും പുതിയ ദൗത്യ സംഘത്തിന് ലഭ്യമാകും

സംഘത്തിൽ ഇവർ

ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ- 1

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ- 2

ബീറ്റ് ഫോറസ്റ്റ് ഓഫീസർ- 3

ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റ്- 4

ഡ്രൈവർ- 1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL