തൊടുപുഴ: ഉപ്പേരിയും ശർക്കരവരട്ടിയും ഇല്ലാത്ത ഓണസദ്യയെക്കുറിച്ച് ചിന്തിക്കാനാകില്ലെങ്കിലും ഏത്തയ്ക്കാവില കുതിച്ചുയർന്നതോടെ രണ്ടിനും പൊള്ളുംവിലയാണ്. സദ്യയ്‌ക്കൊപ്പം മാത്രമല്ല, പ്രിയപ്പെട്ടവർക്കുള്ള സ്‌നേഹസമ്മാനമായും ഇവ നൽകാറുണ്ട്. വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിയ്ക്ക് കിലോ വില 600ൽ എത്തിക്കഴിഞ്ഞു. ചില്ലറ വിപണിയിൽ ഇതിനും മുകളിലാണ് വില. 500 ഗ്രാം- 300, 100 ഗ്രാം- 60 എന്നിങ്ങനെയാണ് വില. ശർക്കര വരട്ടിക്ക് 560 രൂപയാണ് കിലോവില. അരക്കിലോയ്ക്ക് 350ഉം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇതിന് വില ഇരട്ടിയായെയെന്നതും പ്രത്യേകതയാണ്. ചക്കവറുത്തതിന്റെയും കിലോവില 700ൽ എത്തിയിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് എണ്ണകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഇനങ്ങൾക്ക് വില കുറവാണ്. എങ്കിലും ഓണത്തിനോടനുബന്ധിച്ച് എല്ലായിടത്തും വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന വിഭവങ്ങൾക്കാണ് ഡിമാന്റ്. വില വകവെയ്ക്കാതെ ഉപഭോക്താക്കളും എത്തുന്നതിനാൽ വിൽപ്പനയും തകൃതിയാണ്. തിരുവോണത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബേക്കറികളിലും ചിപ്സ് സെന്ററുകൾക്കും പുറമേ റസ്റ്റോറന്റുകളിലും കുടുംബശ്രീ വഴിയും സ്വാശ്രയ ഓണവിപണികൾ മുഖാന്തിരവും ഉപ്പേരി വിൽപ്പന സജീവമാണ്. വെളിച്ചെണ്ണ വില കുറയാതെ നിൽക്കുന്നതും നിരക്കിനെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ എണ്ണയ്ക്ക് വലിയ വില ഇല്ലെന്നതാണ് ഏക ആശ്വാസം. കഴിഞ്ഞ വർഷം 500ന് മുകളിലായിരുന്നു വില.
കായവില 'ഡബിളായി'
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കായവില ഇരട്ടിയായതാണ് വില കൂടാൻ പ്രധാനകാരണം. കഴിഞ്ഞവർഷം നേന്ത്രക്കായ കിലോയ്ക്ക് 43 രൂപയായിരുന്നെങ്കിലും ഇത്തവണ ചില്ലറവിപണിയിൽ വില 90ൽ എത്തിക്കഴിഞ്ഞു. ഉപ്പേരി വിഭവങ്ങൾ തയ്യാറാക്കുന്ന മൊത്തകച്ചവടക്കാർക്ക് കവിഞ്ഞ തവണ 28 രൂപയ്ക്ക് കിട്ടിയിരുന്ന കായ ഇത്തവണ 68 രൂപയ്ക്കാണ് ലഭിച്ചത്.
മറ്റ് വിഭവങ്ങൾ
ശർക്കരവരട്ടി, വിവിധയിനം പായസങ്ങൾ, ഇഞ്ചിക്കറി, ചീട, പാഴ്സൽ ഓണസദ്യ എന്ന് വേണ്ട മറയൂർ ശർക്കര വരെയും ഉപ്പേരിക്കൊപ്പം ഓണവിപണിയിലുണ്ട്. ഇതിന് പുറമെ ടൊമാറ്റോ, പുതിന, റോബസ്റ്റ, മറ്റ് വിവിധ തരം പഴം ഉപ്പേരികളും വിപണിയിലുണ്ട്. കോടിമുണ്ടും ഉപ്പേരിയുമടക്കമുള്ള പലതരം ഓണവിഭവങ്ങൾ പ്രത്യേകം പായ്ക്കറ്റുകളാക്കി നൽകുന്ന ഓണംഹാമ്പറുകളും വിപണിയിൽ ലഭ്യമാണ്. വിഭവങ്ങൾക്ക് മുൻകൂർ ബുക്കിംഗ് സൗകര്യവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |