SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

ഒരു ദിനം പിറന്നത് രണ്ട് കുരുന്നുകൾ, മിശിഹയായി ആംബുലൻസ് ജീവനക്കാർ

ambulance
ആംബുലൻസ് പൈലറ്റ് അനന്തു ഷാജിയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിൻ തോമസും

ഇടുക്കി: കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ മലയോര റോഡുകളിലൂടെ ജീവന്റെ മിടിപ്പുമായി പായുന്ന '108" ആംബുലൻസുകൾ ഇത്തവണ സാക്ഷ്യം വഹിച്ചത് അതിജീവനത്തിന്റെയും കരുതലിന്റെയും രണ്ട് ആർദ്രമായ നിമിഷങ്ങൾക്ക്. വ്യത്യസ്ത സമയങ്ങളിൽ, പ്രതിസന്ധിയുടെ മുനമ്പിൽ നിന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളി യുവതികൾക്ക് താങ്ങും തണലുമായി മാറിയിരിക്കുകയാണ് ഇടുക്കിയിലെ 108 ജീവനക്കാർ.

പാമ്പാടുംപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയായ ബിഹാർ സ്വദേശിനി സാധന ദേവിയുടെ (22) വീട്ടിലാണ് ആദ്യത്തെ സന്തോഷവാർത്ത പിറന്നത്. ബുധനാഴ്ച വൈകിട്ട് 4.25ന് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതോടെ, എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ബന്ധുക്കൾ 108 കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ആംബുലൻസുമായി പൈലറ്റ് ബി. ലാലുവും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കെ.എസ്. സോനയും പാഞ്ഞെത്തി. എന്നാൽ, ആംബുലൻസ് മുറ്റത്ത് എത്തുമ്പോഴേക്കും സാധന ഒരു ആൺകുഞ്ഞിന് ജന്മം നൽകിക്കഴിഞ്ഞിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾക്കിടയിലേക്ക് ഒട്ടും സമയം കളയാതെ സോന കടന്നുചെന്നു. അമ്മയുടെയും കുഞ്ഞിന്റെയും പൊക്കിൾകൊടി വേർപെടുത്തി പ്രഥമ ശുശ്രൂഷകൾ നൽകി സുരക്ഷിതരാക്കി. തുടർന്ന് ലാലു ആംബുലൻസ് വേഗത്തിൽ പായിച്ച് ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ പരിചരണത്തിനായി തേനി മെഡിക്കൽ കോളേജിലുമെത്തിച്ചു.

ഇതേദിവസം പുലർച്ചെ ആമയാർ എസ്റ്റേറ്റിലെ താത്കാലിക ലയത്തിൽ മറ്റൊരു ജീവൻ തുടിക്കുകയായിരുന്നു. ഝാർഖണ്ഡ് സ്വദേശിനിയായ സോനാട്ടി മുർമുവിന് (24) കടുത്ത പ്രസവവേദന തുടങ്ങിയത് പുലർച്ചെ മൂന്നുമണിയോടെയാണ്. 3.41ന് കൺട്രോൾ റൂമിലെത്തിയ സന്ദേശമനുസരിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് പൈലറ്റ് അനന്തു ഷാജിയും ഇ.എം.ടി ജോബിൻ തോമസും മിനിറ്റുകൾക്കകം അവിടെയെത്തി. യുവതിയുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് പായുന്നതിനിടയിൽ, ഒരു കിലോമീറ്റർ മാത്രം പിന്നിട്ടപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. വണ്ടി നിറുത്താൻ നിർദ്ദേശം നൽകിയ ജോബിൻ, ആംബുലൻസിനുള്ളിൽ തന്നെ പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ 4.20ന്, ആംബുലൻസിന്റെ നിശബ്ദതയെ കീറിമുറിച്ച് ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടു! ഒരു പിതാവിന്റെ കരുതലോടെ ജോബിൻ അമ്മയ്ക്കും കുഞ്ഞിനും വേഗത്തിൽ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പൈലറ്റ് അനന്തു ലക്ഷണ ഒത്തുചേർന്ന വേഗതയിൽ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL