
കണ്ണൂർ: ആറളം ഫാമിലെ അഞ്ചാംബ്ളോക്കിൽ പുനർകൃഷിയുടെ മറവിൽ വിലപിടിച്ച മരങ്ങൾ മുറിച്ചുകടത്തിയ സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ നിയമ ഓഫീസറുടെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകിയതായി ഫാം മാനേജിംഗ് ഡയറക്ടർ കൂടിയായ സബ്കളക്ടർ കാർത്തിക് പാണിഗ്രാഹി അറിയിച്ചു. മരംമുറി നടന്ന സ്ഥലം സബ് കലക്ടർ സന്ദർശിച്ചു.വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിഷയം ചർച്ചചെയ്ത് നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും സബ്കളക്ടർ അറിയിച്ചിട്ടുണ്ട്.
കർശനനടപടിയെന്ന് ഫാം മാനേജ്മെന്റ്
ആറളം ഫാമിൽ റീപ്ലാന്റേഷൻ പദ്ധതിക്കായി പട്ടികവർഗ വികസനവകുപ്പ് അനുവദിച്ച 198 ലക്ഷം വിനിയോഗിച്ച് അഞ്ചാംബ്ളോക്കിൽ ഇടവിളയായി പൈനാപ്പിളും ഇടവിളയായി കശുമാവും നടാൻ സ്ഥലം ഒരുക്കുന്നതിനാണ് പാഴ്‌മരങ്ങളും കശുമാവും മുറിച്ചുമാറ്റാൻ കരാർ നൽകിയത്. ഇതിന്റെ മറവിൽ സംരക്ഷിതലിസ്റ്റിൽ പെട്ട മരങ്ങൾ മുറിച്ചുമാറ്റിയതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഫാം മാനേജ്മെന്റ് അറിയിച്ചു.
ബ്ളോക്കിലെ പാഴ്മരങ്ങൾ നീക്കാൻ കഴിഞ്ഞ ഏപ്രിൽ 15നാണ് ടെൻഡർ നൽകിയത്. കഴിഞ്ഞ ആഗസ്റ്റ് 31ന് വരെയാണ് പ്രവൃത്തിക്ക് സമയം നൽകിയത്. പ്രതികൂല കാലാവസ്ഥമൂലം മുറിച്ചിട്ട മരങ്ങൾ കടത്താൻ കരാറുകാരന്റെ അഭ്യർത്ഥന പരിഗണിച്ച് സമയം കൂട്ടിനൽകിയിരുന്നു. ഈ കാലയളവിൽ കരാറിൽ ഉൾപ്പെടാത്ത 17 മരങ്ങൾ മുറിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബർ 23ന് കരാറുകാരനോട് വിശദീകരണം തേടി. മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഹാം സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ബ്ലോക്ക് അഞ്ച് ഇൻചാർജ് എന്നിവരടങ്ങിയ കമ്മിറ്റിയുടെയും ബ്ലോക്ക് ഇൻചാർജ്, ഫാം സൂപ്രണ്ട് എന്നിവരുടെയും റിപ്പോർട്ടുകൾ പരിഗണിച്ച് നിയമനടപടി സ്വീകരിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. തുടർ നടപടിക്കായി ഹാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
പാഴ്മരത്തിന്റെ മറവിൽ ആറളത്ത് നിന്ന് കടത്തിയത്
ഫാം അധികൃതർ സ്ഥിരീകരിച്ച മരങ്ങളുടെ എണ്ണം 17
ഇരൂൾ, ആഞ്ഞിലിമരങ്ങൾ (4മുതൽ 8 അടി വരെ വണ്ണം)
മുറിക്കാൻ കരാർ നൽകിയത്
1500 ഘനമീറ്റർ പാഴ്മരങ്ങൾ
കൃഷിയിടത്തിന് തടസമാകുന്ന ചെറു ആഞ്ഞിലികൾ (60 ഘനമീറ്റർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |