
ഉദിനൂർ: നാടകത്തിന്റെയും നാടൻപാട്ടിന്റെയും പൂരക്കളിയുടെയും പൈതൃകവും കോൽക്കളിയുടെയും ഒപ്പനയുടെയും ദഫ് മുട്ടിന്റെയും കലാപാരമ്പര്യമുള്ള ഉദിനൂരിൽ വിരുന്നെത്തിയ കൗമാര കലോത്സവത്തിൽ ഇന്ന് അരങ്ങുകൾ ഉണരും.കലോത്സവ നഗരിയിലെ 12 വേദികളിൽ ഇന്ന് മുതൽ മൂന്ന് ദിനം ഉപജില്ലകളിൽ നിന്നെത്തുന്ന പ്രതിഭകൾ മാറ്റുരക്കും.
വൈകരുത്, സ്ട്രിക്ടാണ് സ്റ്റേജ് മാനേജർമാർ
നിശ്ചിത സമയവും കടന്ന് മത്സരം നീളുന്നത് തടയാൻ ഉറച്ചാണ് ഉദിനൂർ കലോത്സവത്തിലെ സ്റ്റേജ് മാനേജർമാർ.പന്ത്രണ്ടു വേദികളിലും അണുവിട വ്യതിചലിക്കാതെ സമയനിഷ്ഠ പുലർത്താനാണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി ജെ.സജിത്ത്, കൺവീനർ സത്യൻ മാടക്കാൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വിളിച്ചു ചേർത്ത സ്റ്റേജ് മാനേജർമാരുടെ തീരുമാനം. ഒരുതരത്തിലുള്ള ഇടപെടലും അനുവദിക്കില്ല, ടാബുലേഷൻ പൂർത്തീകരിച്ച് വേദിക്ക് മുന്നിൽ വച്ച് തന്നെ വിധികർത്താക്കൾ ഫലം പ്രഖ്യാപിക്കാനും പ്രോഗ്രാം കമ്മിറ്രി നിർദ്ദേശിച്ചിട്ടുണ്ട്.
വേദികളിൽ നാളെ ടീച്ചർ ഭരണം
സ്കൂൾ കലോത്സവത്തിലെ 12 വേദികളും നാളെ അദ്ധ്യാപികമാരാണ് നിയന്ത്രിക്കുന്നത്. സ്റ്റേജ് മാനേജർമാരും അദ്ധ്യാപികമാർ തന്നെ.ജില്ലയിലെ 300 അദ്ധ്യാപികമാരാണ് യൂണിഫോമിൽ ഇറങ്ങാനിരിക്കുന്നത്. ഒരു ദിവസം കലോത്സവ ഡ്യൂട്ടിക്ക് 118 പേരാണ് വേണ്ടത്. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും അദ്ധ്യാപികമാർക്ക് ഡ്യൂട്ടി നൽകുന്നത്. മുഴുവൻ അദ്ധ്യാപികമാർക്കും ഇതുവഴി ഡ്യൂട്ടി ലഭിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ സത്യൻ മാടക്കാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |