SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

കാഞ്ഞങ്ങാട്ടെ നേഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം:  ഡിവൈ.എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം 

march

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൻസൂർ നേഴ്‌സിംഗ് കോളേജിലെ ഹോസ്റ്റലിൽ മൂന്നാം വർഷ വിദ്യാർത്ഥിനി തൂങ്ങിമരിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി മാർച്ച് നടത്തിയ പ്രവർത്തകരെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചും ആശുപത്രി മാനേജ്‌മെന്റും പൊലീസും ഒത്തുകളിക്കുന്നു എന്നാരോപിച്ചും ഡിവൈ.എഫ്.ഐ , യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ നടത്തിയ ഡിവൈ.എസ്.പി ഓഫീസ് മാർച്ചിലും സംഘർഷം.

ഡി. വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും ചാടികടക്കാനും ശ്രമിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും കൈയാങ്കളിയും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജലപീരങ്കി തകരാറിലായതോടെ പ്രവർത്തകർ വീണ്ടും സംഘടിച്ചു.

തലേദിവസം നടന്ന മാർച്ചിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ലാത്തിചാർജിന് നേതൃത്വം നൽകുകയും നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്ത കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിനെതിരെ രൂക്ഷമായ വെല്ലുവിളിയാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയത്. മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഡിവൈ.എസ്.പിയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു. മാർച്ചിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം, വി.പി.അമ്പിളി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു.

ഡിവൈ.എസ്.പി മാരായ വി.വി.മനോജ്, ടി ഉത്തംദാസ്, ഇൻസ്‌പെക്ടർമാരായ പി.അജിത് കുമാർ, കെ.പി.ഷൈൻ, നിബിൻ ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡി.വൈ.എഫ്.ഐ മാർച്ച് തടഞ്ഞത്.

പൊലീസിന് നേരെ വെള്ളം ചീറ്റി ജലപീരങ്കി

ഡിവൈ.എസ്.പി മാർച്ച് നടത്തിയ യുവജന സംഘടനാ പ്രവർത്തകരെ ഓടിക്കാൻ പൊലീസ് കൊണ്ടുവന്ന ജലപീരങ്കിയുടെ തകരാർ പൊലീസിനെ വലച്ചു. അറ്റകുറ്റപ്പണി നടത്തി എത്തിച്ച ജലപീരങ്കിയിൽ നിന്ന് ഒറ്റത്തവണ മാത്രമാണ് വെള്ളം ചീറ്റാൻ സാധിച്ചത്. ഇതിന് ശേഷം പിന്നീട് വെള്ളം മുഴുവൻ ആകാശത്തേക്കും പൊലീസുകാരുടെ ദേഹത്തേക്കുമാണ് പതിച്ചത്. മതിലിനും ഓഫീസ് വളപ്പിൽ കയറ്റിയിട്ടിരുന്ന ലോറിയുടെയും മുകളിൽ കയറി ‌‌ ബാരിക്കേഡിന്റെ കയർ അഴിച്ചുമാറ്റുന്നത് തടയാനെത്തിയ പൊലീസുകാരുടെ ലാത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിച്ചുവാങ്ങുന്നതും കാണാമായിരുന്നു.

'തൊപ്പിയും യൂണിഫോമും അഴിച്ചുവച്ച് വാ ;

ഞങ്ങളിൽ ഒരാൾ മതി നിന്നെ ശരിയാക്കാൻ'

കാഞ്ഞങ്ങാട് മൻസൂർ നേഴ്‌സിംഗ് കോളേജിലെ ഹോസ്റ്റലിൽ മൂന്നാം വർഷ വിദ്യാർത്ഥിനി തൂങ്ങിമരിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് ഒത്തുകളിക്കുന്നതിലും സമരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചതിലും പരസ്യമായി വെല്ലുവിളിച്ചതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നടത്തിയ മാർച്ചിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയുടെ പരസ്യമായ വെല്ലുവിളി.

പൊലീസുകാരെ അടിച്ചാൽ ഇനിയും തല്ലുമെന്ന് പറഞ്ഞ ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിനെതിരെയാണ് ഡി.വൈ.എഫ്.ഐ കാസർകോട് ജില്ലാ സെക്രട്ടറി രാജേഷ് വെള്ളാട്ടും സംസ്ഥാന സമിതി അംഗം കെ.സബീഷും പരസ്യമായി വെല്ലുവിളിച്ചത്.

'ധരിച്ചിരിക്കുന്ന യൂണിഫോമിനോടും തൊപ്പിയോടും ഞങ്ങൾക്ക് ബഹുമാനമുണ്ട്, അതിനാൽ അത് അഴിച്ചുവെച്ചു പുറത്തേക്ക് ഇറങ്ങി വാ. ഞങ്ങളിൽ ഒരു പ്രവർത്തകൻ മതി നിന്നെ നേരിടാൻ"എന്നായിരുന്നു രജീഷ് വെള്ളാട്ടിന്റെ ഭീഷണി.
മൻസൂർ മാനേജ്‌മെന്റിന്റെ അച്ചാരം വാങ്ങി തങ്ങളുടെ നേരെ കുതിരകയറാൻ വന്നാൽ വിടില്ലെന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും കാഞ്ഞങ്ങാട്ടെ പുത്തൻ പണക്കാരിൽ നിന്നും കിട്ടുന്നതിന് പ്രതിഫലമായി വിദ്യാർത്ഥികളെ ഒറ്റുകൊടുക്കാനും സർക്കാരിനെതിരെ വഴിതിരിച്ചു വിടാനും ശ്രമിച്ചാൽ വെറുതെ വിടില്ലെന്നും ഡിവൈ.എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടന പ്രസംഗത്തിൽ രജീഷ് വെള്ളാട്ട് വെല്ലുവിളിച്ചു.

ഒടുവിൽ നഴ്സിംഗ് ഹോസ്റ്റൽ വാർഡനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രി നേഴ്സിംഗ് കോളേജിലെ മൂന്നാം വർഷ ജനറൽ നേഴ്സിംഗ് വിദ്യാർത്ഥിനി പാണത്തൂരിലെ ചൈതന്യ കുമാരി(20) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. വിദ്യാർത്ഥിനിയുടെ അമ്മ പാണത്തൂരിൽ വാടക ക്വർട്ടേഴ്സിൽ താമസിക്കുന്ന പരപ്പ കനകപ്പള്ളിയിലെ വെങ്ങിഞ്ഞിക്കൽ ഹൌസിൽ ഓമന സദന്റെ പരാതിയിലാണ് കേസെടുത്തത്. വാർഡൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ മനോവേദനയിലാണ് ചൈതന്യ മരിക്കാൻ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. അസുഖ ബാധിതയായി കൈക്ക് ഡ്രിപ്പ് ഇടാൻ പോയി തിരിച്ചു ഹോസ്റ്റലിൽ എത്താൻ വൈകിയതിന് വാർഡൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവജന,വിദ്യാർത്ഥിസംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ ഇന്നലെ പുലർച്ചെ മൂന്നര മണിക്കാണ് കേസിൽ പൊലീസ് എഫ്.ഐ.ആർ ഇട്ടത്. ശനിയാഴ്ചയാണ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരക്ക് ഡി.വൈ.എസ്.പി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് കേസെടുക്കാത്ത പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് യുവജനസംഘടനാപ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു.


പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. മംഗളൂരുവിലെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ് പെൺകുട്ടി കഴിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DYSP OFFICE MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL