
കാസർകോട്: തിരിച്ചടിയാകുന്ന തരത്തിലുള്ള കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറങ്ങിയതോടെ ചെങ്കൽ ഖനനമേഖലയ്ക്ക് ആശ്വാസം. ചെങ്കൽ ഉത്പാദക മേഖലയിലെ അംഗങ്ങളെയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ ശിപാർശ കണക്കിലെടുത്താണ് ചട്ടങ്ങൾ ഭേദഗതി ചെയ്തത്.ക്വാറിയുടമകളെ പ്രതിസന്ധിയിലാക്കുന്ന റോയൽറ്റി തുകയിൽ വൻകുറവാണ് ഇതോടെ വരുന്നത്.
കമ്മിറ്റി നൽകിയ ശുപാർശകൾ അതേപടി അംഗീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയത് എന്നതും ശ്രദ്ധേയമാണ്.
ഭേദഗതി പ്രകാരം ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് ബിൽഡിംഗ് സ്റ്റോൺ) ടണ്ണിന് 48 രൂപയിൽ നിന്ന് 32രൂപയായി റോയൽറ്റി തുക കുറയും.
ക്വാറികൾക്കുള്ള ഫിനാൻഷ്യൽ ഗ്യാരന്റി നിലവിലുള്ള രണ്ടു ലക്ഷം രൂപയിൽ നിന്ന് 50000 രൂപയായും കുറയും.
ഇതിന് പുറമെ കെ.എം എം സി ഭേദഗതി ചട്ടങ്ങളിലെ ചട്ടം ഏഴിൽ ചെങ്കല്ലിന്റെ റോയൽറ്റി തുക രണ്ടു തവണകളായി ഒടുക്കാനും അനുമതി നൽകി.
ഭൂമി കൃഷിക്ക് ഉപയുക്തമാക്കണം
ലാറ്ററൈറ്റ് ഖനനസ്ഥലം പൂർവ്വസ്ഥിതിയിലാക്കി കൃഷിക്ക് ഉപയുക്തമാക്കുന്ന പ്രവർത്തി നിർബന്ധമാക്കുന്ന ചട്ടത്തിലും ഇതോടെ ഇളവ് വരും. നിലവിലുള്ള ചട്ടപ്രകാരം ഖനന വിധേയമാകുന്ന സ്ഥലം കൃഷിക്ക് ഉപയുക്തമാക്കാത്ത ഒരു വ്യക്തിക്കും സ്ഥാപനത്തിനും ഭാവിയിൽ പെർമിറ്റ് അനുവദിക്കരുതെന്നുള്ള നിബന്ധനയുണ്ട്. ഇത്തരം ഘട്ടത്തിൽ നേരത്തെ സമർപ്പിച്ച ഫിനാൻഷ്യൽ ഗ്യാരന്റി സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നുള്ള വ്യവസ്ഥ കർശനമാക്കും.എന്നാൽ ഫിനാൻഷ്യൽ ഗ്യാരന്റി തുക രണ്ടുലക്ഷം രൂപയിൽ നിന്ന് അമ്പതിനായിരമാക്കിയതോടെ ചെങ്കൽ ക്വാറിയുടമകൾക്ക് വലിയ പ്രതിസന്ധിയാകില്ല.
ഭേദഗതി വന്നാലും വില കുറയില്ല
ചെങ്കൽ ക്വാറിയുടമകൾക്ക് പുതിയ ഭേദഗതി പ്രകാരം വലിയ ഇളവ് ലഭിക്കുന്നുണ്ടെങ്കിലും ചെങ്കൽ ഗുണഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കില്ലെന്നാണ് സൂചന. നിലവിൽ യാതൊരു കാരണവശാലും വില കുറക്കാനാകില്ലെന്നാണ് ഉടമകളുടെ വാദം. 2018ൽ നടപ്പാക്കിയ വിലയാണ് ഇപ്പോഴും ഈടാക്കുന്നതെന്നും തൊഴിലാളികൾക്ക് ഇത്രയും കാലം കൂലി കൂട്ടിക്കൊടുത്തില്ലെന്നുമാണ് ചെങ്കൽ ക്വാറി ഓണേഴ്സ് അസോസിയേഷന്റെ വാദം.
ചെങ്കൽ വില ആയിരത്തിന് (കാസർകോട് ഭാഗത്ത് ) ഒന്നാം നമ്പർ -28000 രണ്ടാം നമ്പർ -25000 (കാഞ്ഞങ്ങാട് ഭാഗത്ത് ) ഒന്നാം നമ്പർ -30000 രണ്ടാം നമ്പർ -27000 സർക്കാർ നൽകിയ ഇളവുകൾ ചെങ്കൽ ക്വാറി ഉടമകൾക്ക് പൂർണ്ണ അർത്ഥത്തിൽ പ്രയോജനം ചെയ്യില്ല. പെർമിറ്റ് എടുത്ത് ചെങ്കല്ല് ഖനനം ചെയ്യുന്നവർക്ക് ലക്ഷകണക്കിന് രൂപയുടെ പിഴ അധികൃതർ ചുമത്തിയിട്ടുണ്ട്. പലരും റവന്യു റിക്കവറി നേരിടുകയാണ്. പിഴ തുക ഒഴിവാക്കുന്നതിന് സർക്കാർ ഒരു നിർദ്ദേശവും ചട്ടങ്ങൾ ഭേദഗതി ചെയ്ത ഉത്തരവിൽ നൽകിയിട്ടില്ല. ഹസൻ ബേർക്ക ( ജില്ലാ ജനറൽ സെക്രട്ടറി, ചെങ്കൽ ക്വോറി ഓണേഴ്സ് അസോസിയേഷൻ കാസർകോട് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |