SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

അൻവിദ തെയ്യമായി, അച്ഛൻ കോമരമായി!

photo
അൻവിദ സുനിൽ

തിരുവനന്തപുരം: അൻവിദ പൂമാതത്തെയ്യമായി വേദിയിലാടിയപ്പോൾ അച്ഛൻ മനസുകൊണ്ട് കോമരമായി! സാധാരണ തെയ്യത്തിന് സുനിൽ കോമരമാകുമ്പോൾ കഠിനവ്രതം നോക്കാറുണ്ട്. കണ്ണൂരിൽ നിന്ന് അനന്തപുരിയിലെത്തിയപ്പോഴും തെയ്യത്തിന്റെ ഒപ്പം നിൽക്കാനായി, എന്നാൽ മത്സരത്തിനുവേണ്ടി തെയ്യമായി മാറിയത് സ്വന്തം മകളാണെന്നതായിരുന്നു ഭക്തിക്കപ്പുറമുള്ള സന്തോഷം.

കണ്ണൂർ കടമ്പൂർ എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ അൻവിദ സുനിൽ നാടോടി നൃത്തത്തിലാണ് പൂമാതപ്പൊന്നമ്മയെന്ന തെയ്യമായി മാറിയത്. കീഴാള സ്ത്രീ നേരിട്ട ജാതിവിവേചനത്തിന്റെ കഥപറയുന്ന പൂമാതെപ്പൊന്നമ്മ അഭിനയവും നൃത്തവും സമന്വയിപ്പിച്ച് അൻവിദ അവതരിപ്പിച്ചപ്പോൾ സദസ് കണ്ണും കാതും കൂർപ്പിച്ചു. ചുവടുതെറ്റാതെ, മനമിടറാതെ നൃത്തം പൂർത്തിയാക്കാൻ അച്ഛൻ കല്ലാശേരി മാങ്ങാട് ചിടങ്ങിൽ ഹൗസിൽ സി. സുനിൽകുമാറും അമ്മ ബവിതയും തോട്ടുംകര ഭഗവതിയോട് പ്രാർത്ഥിക്കുകയായിരുന്നു.

സുനിൽകുമാറിന്റെ കുടുംബക്ഷേത്രമാണ് മാങ്ങാട് ചിടങ്ങിൽ ഭഗവതി ക്ഷേത്രം. ഭഗവതിക്ക് മുന്നിൽ മിക്കപ്പോഴും തെയ്യംകെട്ടിയാടാറുണ്ട്. അപ്പോഴൊക്കെ കോമരമാകാൻ നിയോഗം സുനിൽകുമാറിനാണ്. ഒൻപത് വർഷമായി നൃത്തം പഠിക്കുന്ന അൻവിദ സംസ്ഥാന കലോത്സവത്തിൽ കന്നിക്കാരിയാണ്, എ ഗ്രേഡ് സ്വന്തമാക്കാനുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL