തിരുവനന്തപുരം:
പൂവുകൾ വിക്കതടാ
എസണ്ടലേ...കങ്കാണി
പളിയ നൃത്തത്തിലെ കല്യാണപ്പാട്ടാണിത്. ചെറുക്കന്റെ വീട്ടുകാർ പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണിനായി പൂവും വളയും മറ്റും വാങ്ങുന്നതിനായി പാടുന്ന പാട്ട്. കല്യാണപ്പാട്ടുകൂടാതെ ആരാധാനപ്പാട്ടും നെല്ലുകുത്ത് പാട്ടുമുൾപ്പെടെ വകഭേദങ്ങളുണ്ട്. ഇടുക്കിയിലെ ആദിവാസി തനത് പാരമ്പര്യത്തിന്റെ ഈ ശേഷിപ്പ് ഇന്നലെ അഭിമാനത്തോടെ കാടിറങ്ങി കനകക്കുന്ന് കൊട്ടാരവളപ്പിലേക്കെത്തി.
സ്‌കൂൾ കലോത്സവത്തിൽ ഗോത്രകലാരൂപങ്ങൾ ഇത്തവണ മത്സരയിനമായി വേദിയിലേറിയപ്പോഴാണ് ആറ് പതിറ്റാണ്ട് തീണ്ടാപ്പാടകലെ നിർത്തിയ ചില കലാരൂപങ്ങൾക്ക് പൊതുമേൽവിലാസമായത്. ഇരുള നൃത്തം, പണിയ നൃത്തം, പളിയ നൃത്തം, മംഗലംകളി, മലപ്പുലയ ആട്ടം എന്നീ അഞ്ച് ഇനങ്ങളാണ് ഇത്തവണ വേദിയിലേറിയത്.
ഗോത്രവിഭാഗങ്ങളുടെ കലാരൂപങ്ങളെ സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന് വർഷങ്ങളായി ആവശ്യമുയർന്നിരുന്നു. മാറ്റിനിർത്താതെ ഗോത്രകലകളെ കൂടി ചേർത്തുനിർത്തിയാലേ കലോത്സവം അതിന്റെ സന്ദേശം പൂർത്തീകരിക്കൂ എന്ന് വിലയിരുത്തപ്പെട്ടു. കിർത്താഡ്സ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ഗോത്രകലകളെ ഉൾപ്പെടുത്തിക്കൊണ്ട് കലോത്സവ മാന്വൽ പരിഷ്‌കരിക്കാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനമെടുത്തത്.
കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഇന്നലെ എച്ച്.എസ്.എസ് വിഭാഗം പളിയ നൃത്തം അരങ്ങേറിയത്.
'തങ്ങളെ അംഗീകരിച്ചതിൽ ഏറെ സന്തോഷമുണ്ട്. നമ്മുടെ എല്ലാ ആഘോഷങ്ങൾക്കും ഈ നൃത്തം നിർബന്ധമായും ഉണ്ടാകും. ഒരുപാട് കാലത്തെ പഴക്കമുള്ളവയാണ് ഗോത്രകലകൾ. അതിന്റെ തനിമയോടെ തന്നെയാണ് പരിശീലനം നൽകുന്നത്. എങ്കിലും ചില വിട്ടുവീഴ്ചകളും വേണ്ടി വരുന്നുണ്ട്. ഗേൾസ് സ്‌കൂൾ ടീമിൽ പെൺകുട്ടികൾ മാത്രമേ ഉണ്ടാകുകയുള്ളൂ. ബോയ്സ് സ്‌കൂളിനും ആ പരിമതിയുണ്ട്.െസ്ത്രീപുരുഷന്മാർ പാട്ടിന്റേയും വാദ്യത്തിന്റെയും താളത്തിനൊത്ത് നൃത്തം വെയ്ക്കുന്ന കലയാണിത്''
- പ്രശാന്ത്, (കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂൾ പളിയ നൃത്ത ടീമിന്റെ പരിശീലകൻ, ഇടുക്കിയിലെ പളിയ സമുദായാംഗം, ഫോറസ്റ്റ് ഗൈഡ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |