ലണ്ടൻ: സംഗീതവും നൃത്തവും നാടകവും സാഹിത്യവുമായി കലയുടെ മുപ്പതാം വാർഷികം ബെർക്ഹംപസ്റ്റഡ് സ്കൂൾ സെന്റിനറി തിയേറ്ററിൽ അരങ്ങേറി. മുഖ്യാതിഥിയായി സംഗീത സംവിധായകൻ ശരത് പങ്കെടുത്തു. കവി മധുസൂദനൻ നായർ എഴുതി ആലപിച്ച സംഗീത നാടക പരിപാടി വാർഷികത്തിന് മാറ്റുകൂട്ടി.
ഓരോ വർഷവും ഏറെ മികവ് കാട്ടുന്ന കലയുടെ സംഗീതനാടകം ഇത്തവണയും മുൻനിരയിൽ തന്നെ ആയിരുന്നു. കവി മധുസൂദനൻ നായരുടെ കവിതയും സംഗീതത്തോടൊപ്പം ചേർന്നൊഴുകിയ അദ്ദേഹത്തിന്റെ മധുരാലാപനവും അതിന് പ്രത്യേക ഭംഗി നൽകി. കാണികളെ പൂർണമായും ആകർഷിച്ച വിസ്മയകരമായ ഒരു വേദിയനുഭവം! തമിഴ്നാട്ടിലെ കുലശേഖരത്തിനടുത്തുള്ള ഇട്ടകവേളിയിലെ 420 വർഷം പഴക്കമുള്ള കഥയിലേക്ക് സദസ്യരെ കൂട്ടിക്കൊണ്ട് പോയത് ഡോ സുകുമാരൻ നായരുടെ കലാഹൃദയം തന്നെ. അജയായിരുന്നു സംവിധാനം.
ചിരിയും ചിന്തയും പകർന്ന ഹാസ്യനാടകം സായാഹ്നത്തിന് ചിരിയുടെ നിറം പകർന്നതിനൊപ്പം, കേരളത്തിലേക്ക് തിരികെ കൊണ്ടുപോയ അനുഭവമായിരുന്നു ആ അവതരണം. മൂന്ന് ഗായകർ ചേർന്ന് അവതരിപ്പിക്കേണ്ട പാട്ട് ഒരാൾ മാത്രം ഏറ്റെടുത്ത് അത്ഭുതകരമായി പാടിയ അതിഥിഗായകന്റെ പ്രകടനവും ശ്രദ്ധേയമായി. മുഖ്യാതിഥി സംഗീത സംവിധായകൻ ശരത്തിന്റെ സംഭാഷണവും സദസ്യരോടുള്ള പ്രതികരണവും അവിസ്മരണീയമായി. ഓർക്കസ്ട്രയും ഗായകരും കാഴ്ചവെച്ച പ്രകടനം ആസ്വാദ്യകരമായിരുന്നു. ശരത്തിന്റെ ഗാനങ്ങൾക്കും അർഹമായ പ്രാധാന്യം ലഭിച്ചു. ആശയും സംഘവും അവതരിപ്പിച്ച നൃത്തം കാണികളെ ഏറെ ആകർഷിച്ചു. കലയുടെ പ്രസിദ്ധീകരണമായ 'പാംലീഫ്' -122 പേജുകളുള്ള ഈ മനോഹരമായ മാഗസിൻ, തയാറാക്കിയത് ഹേമയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |