SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

ആ അലർച്ച പുലിയുടേത് ഭീതി പരത്തിയ വന്യജീവി ക്യാമറയിൽ കുടുങ്ങി

leapard

#ചതിരൂർ നീലായിയിൽ ഇറങ്ങിയ പുലിയെ പിടികൂടും #കടുവാപ്പേടി വേണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ

കണ്ണൂർ: കഴിഞ്ഞ കുറേ ദിവസമായി ആറളം ചതിരൂർ നീലായിയിൽ ഭീതി പരത്തുന്ന വന്യജീവി കടുവയല്ല പുലിയാണെന്ന് ക്യാമറദൃശ്യത്തിൽ നിന്നും തെളിഞ്ഞു. വനംമന്ത്രി എ.കെ.ശശീന്ദ്രൻ തന്നെയാണ് ക്യാമറ ട്രാപ്പിലൂടെ നീലായിയിൽ ഇറങ്ങിയത് പുലിയാണെന്ന് വാർത്താസമ്മേളനത്തിലൂടെ സ്ഥിരീകരിച്ചത്. ഈ പുലിയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

കടുവ ഭീതി ഒഴിഞ്ഞെങ്കിലും പ്രദേശത്ത് വനം വകുപ്പിന്റെ പരിശോധന തുടരും. ആറ് പേരടങ്ങുന്ന മൂന്ന് സംഘമാണ് രാത്രികാലത്ത് പരിശോധന നടത്തുന്നത്. പ്രദേശത്തിന്റെ സമീപത്തൊന്നും വന്യജീവി സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിക്കും വരെ പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.കാണുന്നതെല്ലാം കടുവയാണെന്ന തരത്തിൽ പ്രചാരണം നടത്തി കടുവാപ്പേടി ഉണ്ടാക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നീലായിയിൽ കാട്ടിനുള്ളിൽ നിന്ന് ഇടക്കിടെ കേൾക്കുന്ന അലർച്ച കടുവയുടേതാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.പ്രദേശത്ത് നിന്ന് ഇടയ്ക്കിടെ വളർത്തുനായകളെ വന്യജീവി പിടികൂടുന്നതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു.ഇതെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ആർ.ആർ.ടി അംഗങ്ങളെ തടയുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ പ്രശ്നത്തിൽ ഉന്നതോദ്യോഗസ്ഥർ ഇടപെട്ട് തിരച്ചിലും പട്രോളിംഗും ശക്തമാക്കിയിരിക്കുകയാണ്. വന്യജീവിയെ കണ്ടെത്താൻ വിവിധ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും കൂട് തയ്യാറാക്കി വെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെയാണ് മൂന്ന് ടീമുകളെ തിരച്ചിലിനായി ഇറക്കിയത്.ഈ നടപടികൾക്കിടെയാണ് ക്യാമറകളിലൊന്നിൽ പുലിയുടെ ദൃശ്യം പതിഞ്ഞത്.

ആനമതിൽ 90 ശതമാനം

ആന മതിലിന്റെ പ്രവൃത്തി 90 ശതമാനം കഴിഞ്ഞതായി റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി. ബാക്കി പ്രവൃത്തി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും.ആറളം ഫാമിൽ വനത്തിന് പുറത്ത് അടിക്കാട് തെളിക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അധികാരം ഉപയോഗിച്ചോ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയോ ജില്ലാ കളക്ടർ പഞ്ചായത്തുകളുമായി ചർച്ച ചെയ്ത് പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കും.വന്യജീവികളുടെ സാന്നിദ്ധ്യം പരിശോധിക്കാൻ ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിൽ ഏഴ് ക്യാമറകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.

കുടിവെള്ളം നൽകും

വനാതിർത്തിയിലുള്ള 25ഓളം കുടുംബങ്ങൾ വനത്തിലെ ജലസ്രോതസ്സിൽനിന്ന് താഴെ വീടുകളിലേക്ക് പൈപ്പിട്ടാണ് കുടിവെള്ളം ശേഖരിക്കുന്നത്. വന്യജീവി ഭയം കാരണം കാട്ടിലേക്ക് പോകാൻ സാധിക്കാത്തത് കുടിവെള്ള ലഭ്യത ഇല്ലാതായിട്ടുണ്ട്. ഇവർക്ക് അടിയന്തിരമായി, സാധാരണ നില കൈവരിക്കുന്നത് വരെ കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി, വനത്തിന് പുറത്ത് ടാങ്ക് സ്ഥാപിച്ച് അതിൽ ജലം ശേഖരിച്ച് വീടുകളിലേക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL