SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

ശ്രീരാമവില്യത്തിൽ ദീപം തെളിഞ്ഞു ഇനി പെരുങ്കളിയാട്ടദിനങ്ങൾ

udinoor

തൃക്കരിപ്പൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്രത്തിൽ നിന്നും ക്ഷേത്രേശന്മാരും ആചാരസ്ഥാനികരും വാല്യക്കാരും ചേർന്ന് കൊണ്ടുവന്ന ദീപവും തിരിയും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ രാമവില്യം കഴകം ക്ഷേത്രത്തിലെ ശ്രീകോവിലുകൾക്ക് അകത്തെ വിളക്കുകളിലേക്ക് പകർന്നതോടെ പെരുങ്കളിയാട്ടത്തിന് ആരംഭം കുറിച്ചു. ഇന്നലെ രാവിലെ ഉദിനൂർ കൂലോത്ത് നിന്നും ചങ്ങലവട്ടയിലും കുത്തുവിളക്കുകളിലേക്കും പ്രത്യേകമായി മൺപാത്രത്തിൽ സജ്ജീകരിച്ച വിളക്കുകളിലേക്കും പകർന്ന് നൽകിയ ദീപങ്ങൾക്കൊപ്പം അവിടെ നിന്ന് കലവറയിലേക്ക് വിഭവങ്ങളും ഭക്തജനങ്ങൾ കഴക തിരുമുറ്റത്ത് എത്തിച്ചു.

പിന്നീട് ശ്രീ ചക്രപാണി ക്ഷേത്രത്തിൽ പോയി അവിടെ നിന്നും ദീപവും തിരിയും കലവറ വിഭവങ്ങളും സാമഗ്രികളും സ്വീകരിച്ചു കഴക സന്നിധിയിൽ സമർപ്പിച്ചു. തുടർന്ന് രണ്ടു ക്ഷേത്രങ്ങളിൽ നിന്നുള്ള ദീപങ്ങൾ സംയോജിപ്പിച്ച് ചങ്ങലവട്ടങ്ങളിലേക്ക് പകർന്ന് അന്തിത്തിരിയന്മാർ ശ്രീകോവിലിന് അകത്തുള്ള വിളക്കിലേക്ക് പകർന്നതോടെയാണ് പെരുങ്കളിയാട്ടത്തിന് തിരി തെളിഞ്ഞത്. തുടർന്ന് വ്രത ശുദ്ധിയോടെ ഭക്തജനങ്ങൾ കണ്ണമംഗലം കഴകത്തിലും താഴക്കാട്ട് മനയിലുമെത്തി കലവറ സാധനങ്ങൾ ഏറ്റുവാങ്ങി തിരുമുറ്റത്ത് എത്തിച്ച് ശുദ്ധിവരുത്തി കന്നികലവറയിൽ എത്തിച്ചു.

ആചാരവിധിയിൽ വെള്ളോലക്കുട സമർപ്പിച്ചു

തൃക്കരിപ്പൂർ മേക്കണിശനും പെരുംകണിശനും ചേർന്ന് ക്ഷേത്ര തിരുമുറ്റത്ത് വെള്ളോലക്കുട സമർപ്പിച്ചു. ഉച്ചക്ക് ശേഷം കഴകത്തിലെ ചടങ്ങുകൾക്ക് പിന്നാലെ ദേവതമാരുടെ ആരൂഢസ്ഥാനമായ കാവില്യാട്ട് കാവിലേക്ക് എഴുന്നെള്ളത്തോടെ ക്ഷേത്ര സ്ഥാനികരും ഭക്തജനങ്ങളും സംബന്ധിച്ച എഴുന്നെള്ളത്തും തിരിച്ചെഴുന്നെള്ളത്തും നടന്നു.

തോറ്റങ്ങളിൽ അരങ്ങിലെത്തി

ശ്രീ പടക്കത്തി ഭഗവതിയുടെയും ശ്രീ ആര്യക്കര ഭാവതിയുടെയും ഉച്ചത്തോറ്റവും അന്തിത്തോറ്റവും അരങ്ങിലെത്തി. രാത്രി അങ്കക്കുളങ്ങര ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ തോറ്റങ്ങൾ ക്ഷേത്ര സന്നിധിയെ ഭക്തിസാന്ദ്രമാക്കി. വ്യാഴാഴ്ച പുലർച്ചെ മുതൽ കളിക്കത്തിറ, കളിക്ക ദൈവം, തൂവക്കാളി, നഖത്തിന് ദൈവം, നാഗരാജൻ, നാഗകന്നി, കരിമകൾ, നാഗപോതി, പുരിമകൾ, ഒളിമകൾ, മണാട്ടി, മണാളൻ, മാഞ്ഞാളൻ ദൈവം അരങ്ങിലെത്തും. പുലർച്ചെ മൂന്ന് മണി മുതൽ ഭഗവതിമാരും ചാമുണ്ഡിയും പൂമാരുതനും വിഷ്ണുമൂര്ത്തിയും പുറപ്പാടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL