SignIn
Kerala Kaumudi Online
Thursday, 22 October 2026 11.45 PM IST

കടന്നുകയറി മീൻ വാരി വലിയ ബോട്ടുകൾ: ചായക്കാശ് കിട്ടാതെ ചെറുതോണിക്കാർ

parathi

കണ്ണൂർ: വമ്പൻ ബോട്ടുകളുടെ അനിയന്ത്രിതമായ കടന്നുകയറ്റം മൂലം ചെറിയ തോണികളിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്നവർ പട്ടിണിയിലേക്ക്. മാസങ്ങളായി കടലിലിറങ്ങിയാൽ ചായക്കാശിനുള്ള തുക പോലും ലഭിക്കാതെ കടുത്ത പ്രാരബ്ധത്തിലാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾ. കണ്ണൂർ അഴീക്കോട് മത്സ്യ ഗ്രാമത്തിലെ ആയിരത്തോളം കുടുംബങ്ങൾ വൻകിട ബോട്ടുകളുടെ കൈയേറ്റം മൂലം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ചെറിയ തോണികൾക്ക് അധികദൂരം പോകാനാകില്ല. ഇത്തരം തോണികൾ സാധാരണ നിലയിൽ മീൻ പിടിക്കുന്ന സുരക്ഷിതമായ ഭാഗങ്ങളിലാണ് വൻകിട ബോട്ടുകൾ കടന്നുകയറുന്നത്. മംഗളൂരു, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും രാത്രിയുടെ മറവിൽ വൻകിട ബോട്ടുകൾ കഴിഞ്ഞ ഒരു വർഷമായി ചെറുവള്ളങ്ങളിൽ കടലിൽ പോകുന്നവരുടെ വയറ്റത്തടിക്കുകയാണ്.

കാൽലക്ഷം അടച്ചാൽ കയറിവാരാം
ഒരു വർഷത്തേക്ക് കാൽലക്ഷം രൂപ അടച്ചാൽ സാധാരണ ഫിഷിംഗ്‌ ബോട്ട് പരിധിയിൽ പ്രവേശിക്കാനും മീൻ പിടിക്കാനുമുള്ള അവകാശം വലിയ ബോട്ടുകൾക്ക് ലഭിക്കും. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതമാർഗമാണ് ഇതിലൂടെ അടയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധിയായ പരാതികൾ ഫിഷറീസ് ഡി.ഡി ഓഫീസിലും എ.ഡി ഓഫീസിലും പരമ്പരാഗത തൊഴിലാളികൾ നൽകിയിട്ടുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ഒരു ലക്ഷത്തോളം വരുന്ന പരമ്പരാഗത തൊഴിലാളികൾ തങ്ങളുടെ ദൈന്യത വിവരിച്ച് ഫിഷറീസ് മന്ത്രിക്കും പരാതി നൽകി. ഫിഷറിസ് ജീവനക്കാരും വലിയ ബോട്ടുടമകളും തമ്മിൽ ഒത്തുകളിക്കുകയാണെന്നും മന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പരമ്പരാഗത തൊഴിലാളികൾ ആരോപിക്കുന്നു. തീരദേശ പൊലീസും ഇത്തരം കടന്നുകയറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ഇവരുടെ പരാതി.

കുടിശ്ശികയായി കടങ്ങൾ

ചെറുതോണിക്കാർക്ക് ഒരു തവണ കടലിൽ പോയി വരാൻ 5000 രൂപയുടെ ഇന്ധനം ആവശ്യമാണ്. എട്ടു മാസത്തേക്ക് 35,000 രൂപയുടെ വലകളും വേണം. ഇവയ്‌ക്കെല്ലാമായി ഫിഷറീസിൽ നിന്നടക്കം ലോണുകൾ എടുത്തവരാണ് ഭൂരിഭാഗം തൊഴിലാളികളും.. ഇതിന്റെ തിരിച്ചടവും മുടങ്ങിയെന്ന് ഇവർ പറയുന്നു. ചെറുതോണിക്കാർ ഇട്ടു വച്ച വലയുൾപ്പെടെ വമ്പൻ ബോട്ടുകളുടെ കടന്നുകയറലിൽ നശിക്കുന്ന സ്ഥിതിയുണ്ടെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കടലിൽ ഈ പ്രദേശത്ത് പാര് (കല്ലുകൾ) ഇല്ലാത്തതാണ് വലിയ ബോട്ടുകളുടെ കടന്നു കയറ്റത്തിന് കാരണമാകുന്നതെന്നും പരമ്പരാഗത തൊഴിലാളികൾ പറയുന്നു.

വിട്ടൊഴിയാതെ അപകടങ്ങളും
അഴീക്കോട് സ്ഥാപിച്ചിരുന്ന ലൈറ്റ് ഹൗസ് ഒരു വർഷമായി പ്രവർത്തനം നിലച്ചിരിക്കുകയാണ്. പുലിമുട്ടിൽ സ്ഥാപിച്ച രണ്ട് ലൈറ്റുകളും കടലിലെ ബോയ ലൈറ്റുകളും പ്രവർത്തന ക്ഷമമല്ല .ഇതും ഇവരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വെളിച്ചം ഇല്ലാത്ത പ്രശ്നങ്ങൾ കാരണം ദിശയറിയാനും മുന്നിലുള്ള അപകടം അറിയാനും സാധികാത്ത സ്ഥിതിയുമുണ്ട്.


മാസങ്ങളായി കടലിൽ നിന്ന് ഒന്നും ലഭിക്കാത്ത സ്ഥിതിയാണ്. എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിക്കാനുള്ള ആലോചനയിലാണ് താനടക്കമുള്ള മത്സ്യതൊഴിലാളികൾ -കെ.പി മോഹനൻ ചെറുതോണി മത്സ്യതൊഴിലാളി കൂട്ടായ്മ ഭാരവാഹി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL