SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

കുന്ന് നിലനിൽക്കണം , കുന്നിന് കിഴക്കും: ഇടിക്കൽ ഭീഷണിയിൽ എടനാടിന്റെ സ്ഥലസൂചിക

edatt

പയ്യന്നൂർ: പ്രദേശത്തിന്റെ പേരിന് കാരണമായ കുന്ന് ഇടിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി എടനാട് ഗ്രാമം. ദേശീയപാത വികസനത്തിനായി മണ്ണെടുക്കുന്നതിന് കുന്നിന് കിഴക്കിനെ ഇടിക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാർ സംഘടിക്കുന്നത്.

എടാട്ട് കുന്നിന് കിഴക്ക് എന്ന് അറിയപ്പെടുന്ന പ്രദേശത്തെ കുന്നാണ് മണ്ണിടിക്കൽ ഭീഷണിയെ നേരിടുന്നത്. മണ്ണിടിച്ച് കുന്ന് ഇല്ലാതായാൽ പിന്നെ 'കുന്നിന് കിഴക്ക് ' എന്ന പേരിന് തന്നെ പ്രസക്തിയില്ലല്ലോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
ദേശീയ പാതയിൽ എടാട്ട് പെരുമ്പ പുഴക്ക് പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനാണ് 'വലിയ കുന്ന് 'ഇടിച്ച് നിരത്തി മണ്ണെടുക്കുവാൻ ഒരുങ്ങുന്നത്.കുന്ന് ഇടിച്ച് മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് തദ്ദേശ വാസികളിൽ നിന്നും ഉയരുന്നത്. പ്രദേശ വാസികളുടെ മുഴുവൻ പേരുടെയും ഒപ്പ് ശേഖരിച്ച് കളക്ടർക്കും സർക്കാറിനും നിവേദനം സമർപ്പിക്കുവാനുള്ള പ്രവൃത്തനവും നടക്കുന്നുണ്ട്. ഇതിനിടയിൽ മണ്ണെടുക്കുവാനുള്ള ശ്രമമുണ്ടായാൽ ശക്തിയുക്തം എതിർക്കുവാൻ ചൊവ്വാഴ്ച നടന്ന യോഗം തീരുമാനിച്ചു.

അശാസ്ത്രീയവും നിയമവിരുദ്ധവുമായ നീക്കങ്ങളിലൂടെ മണ്ണെടുക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗം ആരോപിച്ചു.

മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വികസനം നടത്തുമ്പോൾ കുന്നുകൾ ഇടിക്കാമെന്നും പുഴകൾ നികത്താമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ പഴയ ഉത്തരവ് 2024 ൽ സുപ്രിം കോടതി തടഞ്ഞിട്ടുണ്ടെന്നും പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്താതെ ഇത്തരത്തിൽ ഖനനം നടത്തരുതെന്ന നിലവിലുള്ള സുപ്രിം കോടതി ഉത്തരവിനെതിരാണ് ഖനന ശ്രമമെന്ന് യോഗം ആരോപിച്ചു. ഇക്കാര്യമുന്നയിച്ച് പരിസ്ഥിതി പ്രവർത്തകൻ പി.പി.രാജൻ കേന്ദ്ര വനംപരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിനും ജില്ലാ കളക്ടർ , ആർ.ഡി.ഒ , ജിയോളജി വകുപ്പ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

ഇടനാടൻ പ്രദേശം

സ്വകാര്യ വ്യക്തിയുടെ പക്കലുള്ള പ്രദേശത്തിന്റെ താഴ്വാരത്തിലാണ് എടനാട് ദേശം സ്ഥിതി ചെയ്യുന്നത്.

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും ഭിന്നമായ ഭൂപ്രകൃതിയാണ് എടനാട്ടിനുള്ളത്. എടാട്ട് കുന്ന്, കാറ്റാടിക്കുന്ന്, വലിയ കുന്ന്, പുൽപ്പാറ മൊട്ട, മല്ലൻ കുന്ന് എന്നിവയുടെ താഴ് വാരങ്ങളിലാണ് എടനാട് ദേശം സ്ഥിതി ചെയ്യുന്നത്. ജല ദൗർഭല്യമുള്ള ഈ പ്രദേശത്ത് ജീവന്റെ നിലനിൽപ്പിനാധാരം കുന്നുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന നീർച്ചാലുകളും വളക്കൂറുള്ള മണ്ണുമാണ്.

1962 65 കാലഘട്ടത്തിൽ ഇപ്പേഴത്തെ പെരുമ്പപാലത്തിന്റെ അപ്രോച്ച് റോഡിനായാണ് ആദ്യമായി ഈ ഭാഗത്ത് നിന്നും കുന്നിടിച്ച് തുടങ്ങിയത്. പെരുമ്പ പുഴക്ക് നിർമ്മിക്കുന്ന രണ്ടാമത്തെ പാലത്തിന്റെ അപ്രോച്ച് റോഡിനാണ് ഇപ്പോൾ വലിയ കുന്ന് ഇടിക്കുന്നത്. ഈ ഭാഗത്ത് മരങ്ങളെല്ലാം മുറിച്ച് മാറ്റി കഴിഞ്ഞു.

ജനകീയകമ്മിറ്റി രൂപീകരിച്ചു

കുന്നിടിക്കുന്നതിനെതിരെ പഞ്ചായത്ത് വാർഡ് മെമ്പർ കെ.അശോകൻ (ചെയർമാൻ ) , സി.പി.എം. മാടായി ഏരിയ കമ്മിറ്റി അംഗം വി.ടി.അമ്പു, പി.പി.സന്തോഷ് ( രക്ഷാധികാരികൾ), എം.അശോകൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി
101 അംഗ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

മഴക്കാലത്ത് പെയ്യുന്ന മഴ വെള്ളത്തിന്റെ നല്ലൊരുഭാഗം ചെങ്കൽ പാളികളിൽ സംഭരിച്ച് വേനലാകുമ്പോൾ കുന്നിൻ ചെരിവിലുള്ള നീർച്ചാലുകളിലുടെ ഒഴുക്കിയാണ് ഈ കുന്ന് താഴ് വാരങ്ങളെ ഊട്ടുന്നത്. കുന്നുകളിലൊളിപ്പിച്ച വിഭവങ്ങളിൽ മനുഷ്യൻ ആർത്തിയോടെ കൈ വെക്കുന്നതോടെ ഉറവ കനിയാത്ത, പുല്ലു മുളക്കാത്ത ഉഷരഭൂമിയായി, നാട് മാറും- പരിസ്ഥിതി പ്രവർത്തകൻ പി.പി.രാജൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL