
കണ്ണൂർ: ജില്ലയിലെ പല ഭാഗങ്ങളിലും വേനൽമഴ ശക്തിപ്പെട്ടുവെങ്കിലും മഴക്കാല പൂർവ ശുചീകരണങ്ങൾ എങ്ങുമെത്താത്ത നിലയിൽ. മഴക്കാലത്തിനു മുന്നേ രോഗങ്ങൾ മുന്നിൽ കണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ജില്ല ഭരണകൂടം ഉൾപ്പെടെ തീരുമാനമെടുത്തത്. എന്നാൽ ഇതൊന്നും സാക്ഷാത്കരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജില്ലയിലെ പല പ്രദേശങ്ങളും.
പകർച്ച വ്യാധികൾ അടക്കമുള്ള രോഗങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മാസം കളക്ടർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് അവലോകനം ഉൾപ്പെടെ നടത്തിയത്. എന്നാൽ കണ്ണൂർ നഗരത്തിലെ ഉൾപ്പെടെ നിലവിലുള്ള കാഴ്ചകൾ ഈ തീരുമാനങ്ങൾക്കെല്ലാം വിപരീതമാണ്. നഗരത്തിലെ പലയിടങ്ങളിലും മാലിന്യ നിക്ഷേപങ്ങളും മലിന ജലം കെട്ടിക്കിടക്കുന്നതും കാണാം. മാലിന്യങ്ങൾ നീക്കം ചെയ്ത ഇടങ്ങളിൽ തന്നെ വീണ്ടും മാലിന്യം തള്ളുന്ന സ്ഥിതിയും ഉണ്ട്.
സാംക്രമിക രോഗങ്ങൾക്ക് ഹോട്ട്സ്പോട്ടുകൾ ഉൾപ്പെടെ ജില്ലയിൽ ഉണ്ട്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയവയുടെ ഭീഷണിയിലാണ് കണ്ണൂർ നഗരം. ഇതിനെയെല്ലാം പ്രതിരോധിക്കണമെങ്കിൽ കാര്യക്ഷമമായി മഴക്കാല പൂർവ ശുചീകരണം നടത്തുകയും രോഗങ്ങളെപ്പറ്റി ശ്രദ്ധയുണ്ടാവുകയും വേണമെന്നാണ് ജില്ല ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
എന്നാൽ കണ്ണൂർ കോർപ്പറേഷൻ ഭരണാധികാരികൾക്കോ മറ്റു പ്രാദേശിക ഭരണകർത്താക്കൾക്കോ ഇതിലൊന്നും ശ്രദ്ധയില്ല. പലയിടത്തും ശുചീകരണം പ്രഹസനമാകുന്നു എന്നും ആക്ഷേപമുയരുന്നുണ്ട്. മാലിന്യ സംസ്കരണം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കി പുരസ്കാരങ്ങൾക്കടക്കം അർഹമായ ജില്ലയുടെ നിലവിലെ സ്ഥിതി ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നതാണ്.
ഓടകൾ നിറഞ്ഞു തന്നെ...
മഴക്കാലത്തിനു മുന്നേ നഗരത്തിലെ ഓടകളെല്ലാം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കണ്ണൂർ നഗരത്തിൽ മലിന ജലം ഒഴിവാക്കാനോ ഓടകൾ വൃത്തിയാക്കാനോ ഉള്ള പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നുണ്ട് എന്ന സ്ഥിരം പല്ലവി തന്നെയാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. നഗരത്തിലെ ഓടകൾ എല്ലാം നിറഞ്ഞിരിക്കുകയാണ്. പലതും കൃത്യമായി ഒഴുകാതെ മലിന ജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും കൊതുക് ഉൾപ്പെടെ പെരുകുന്നതിനുള്ള സാഹചര്യം ഒരുക്കുകയുമാണ്. കേരളകൗമുദി ഈ വിഷയം നേരത്തെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പരിഹാരമില്ലാതെ തുടരുകയാണ്.
വാതിൽപ്പടി ശേഖരണത്തിന് നൂറിൽ നൂറ്
ജില്ലയിൽ ഹരിത കർമ്മ സേനയുടെ വാതിൽപ്പടി ശേഖരണം നൂറു ശതമാനം വിജയമാണെന്നതാണ് കുറച്ചെങ്കിലും ആശ്വാസം. എന്നാൽ പല പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങൾക്ക് സമീപവും മാലിന്യം നീക്കാതെ കിടക്കുന്നതു കാണാം.
മാലിന്യങ്ങൾ എല്ലാം നീക്കുന്ന പ്രവൃത്തികൾ നടക്കുന്നുണ്ട്. ഓവുചാലുകൾ ഉൾപ്പെടെ വൃത്തിയാക്കുന്നതിനുള്ള നടപടികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട് -കണ്ണൂർ കോർപ്പറേഷൻ കാര്യാലയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |