SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

തളിപ്പറമ്പിലെ വഖഫ് ഭൂമി വിഷയത്തിൽ വഴിത്തിരിവ്

waqf
തളിപ്പറമ്പിലെ വഖഫ് ഭൂമി

കണ്ണൂർ: തളിപ്പറമ്പിലെ വഖഫ് ഭൂമി വിഷയത്തിൽ പുതിയ വഴിത്തിരിവ്. പ്രശ്നത്തിലുള്ള അറുന്നൂറ് ഏക്കർ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദമാണ് തളിപ്പറമ്പ് നരിക്കോട്ട് ഇല്ലം അവകാശികൾ ഉന്നയിച്ചിരിക്കുന്നത്. പൂർവ്വികർ വാക്കാൽ ലീസിന് നൽകിയതാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട് ഇല്ലത്തിന്റെ ഇപ്പോഴത്തെ അവകാശികൾ പറയുന്നത്. സർ സയ്യിദ് കോളേജ് കോടതിയിൽ നൽകിയ ഹർജിയിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

തളിപ്പറമ്പ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റേതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളിൽ ഉൾപ്പെടെ നരിക്കോട്ട് ഇല്ലത്തിന്റെ പേര് പരാമർശിച്ചിട്ടുമുണ്ട്. വഖഫ് ബോർഡിനു ഭൂമി നൽകിയെന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്നും ഇത് വഖഫ് ബോർഡ് ഭൂമിയല്ലെന്നും തങ്ങളുടെ ഭൂമിയാണെന്നുമാണ് നരിക്കോട്ട് ഇല്ലത്തെ മുതിർന്ന കാരണവർ ചന്ദ്രശേഖരൻ നമ്പൂതിരിപ്പാട് പറയുന്നത്. ഇതേ ഭൂമിയിലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ 1967ൽ സർ സയ്യിദ് കോളേജ് തുടങ്ങിയത്. പ്രസ്തുത ഭൂമി വഖഫ് സ്വത്താണെന്ന് അവകാശമുന്നയിച്ച് തളിപ്പറമ്പ് ജമാ അത്ത് വന്നപ്പോൾ ഇതിനെതിരേ എഡ്യൂക്കേഷണൽ അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഭൂമി നരിക്കോട്ടില്ലത്തിന്റെതാണെന്ന് പറയുന്നുണ്ട്.

വഖഫ് ഭൂമി കൈയേറിയാണ് കോളേജ് പണിഞ്ഞിരിക്കുന്നത് എന്ന വിവാദം നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു അവകാശവാദവുമായി തളിപ്പറമ്പ് നരിക്കോട്ട് ഇല്ലം അവകാശികൾ രംഗത്തു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, WAQAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL