SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

കണ്ണൂരിലെ ദുരിതപ്പെയ്ത്തിൽ കെ.എസ്.ഇ.ബി ക്ക് വൻ നഷ്ടം

transformar

കൂടുതൽ നാശനഷ്ടം ശ്രീകണ്ഠാപുരം സർക്കിളിൽ

കണ്ണൂർ: കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലയിൽ വൈദ്യുത വകുപ്പിന് വൻ നഷ്ടം. ഇതിനകം 71 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുത തൂണുകൾ കടപുഴകി വീണും ലൈനുകൾ പൊട്ടിയും മരങ്ങളും ശിഖരങ്ങളും വീണും ജില്ലയിൽ ഉടനീളം വലിയ നാശനഷ്ടമാണ് വൈദ്യുതിബോർഡിന് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി.

കണ്ണൂർ ശ്രീകണ്ഠാപുരം എന്നീ രണ്ട് സർക്കിളുകൾ ചേർന്നതാണ് ജില്ലയിലെ കെ.എസ്.ഇ.ബി സെക്ഷൻ. ഇതിൽ മലയോര മേഖലകൾ ഉൾപ്പെടുന്ന ശ്രീകണ്ഠാപുരം സർക്കിളിന് കീഴിലാണ് കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. കാലവർഷം തുടങ്ങുമ്പോൾ തന്നെ ഇത്രയും നഷ്ടമുണ്ടായത് വകുപ്പിനേയും ജനങ്ങളേയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ മഴ നഷ്ടക്കണക്ക് കൂടുമോയെന്ന ആശങ്കയിലാണ് വൈദ്യുതിവകുപ്പ്.

ഹൈടെൻഷൻ ലൈനുകൾ 27

ലോ ടെൻഷൻ ലൈനുകൾ 285

മരം കടപുഴകി വീണും ശിഖരങ്ങൾ പൊട്ടിയും 27 ഹൈടെൻഷൻ തൂണുകളും 285 ലോ ടെൻഷൻ തൂണുകളും തകർന്നുവെന്നാണ് വൈദ്യുതിവകുപ്പിന്റെ കണക്ക്. പത്തിടങ്ങളിൽ എച്ച്.ടി ലൈൻ പൊട്ടി വീണു. പതിനൊന്ന് കെ.വി ഫീഡറുകളിലും വിവിധ ഇടങ്ങളിലായി വൈദ്യുതി തടസ്സപ്പെട്ടിരുന്നു. 629 ഇടങ്ങളിൽ എൽ.ടി ലൈനുകൾ പൊട്ടി വീണു. 18,​320 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായതായും ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ താൽക്കാലികമായും രേഖപ്പെടുത്താത്തതുമായും വൈദ്യുതി ബന്ധം നഷ്ടപ്പെട്ട കണക്കുകൾ ഇതിലുമേറുമെന്നാണ് വിവരം.

വിളിച്ചാൽ വിളികേൾക്കാതെ...

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ രാവും പകലും കെ.എസ്.ഇ.ബി ജീവനക്കാർ നന്നായി അദ്ധ്വാനിക്കുമ്പോഴും ചിലയിടങ്ങളിലെ കെ.എസ്.ഇ.ബി ഓഫീസുകളിൽ വിളിച്ചാൽ ഫോൺ എടുക്കാത്ത സ്ഥിതിയുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ലൈനുകളിലും തൂണുകളിലും വന്നിട്ടുള്ള പ്രശ്നങ്ങൾ അറിയിക്കാനും വിളിക്കുമ്പോൾ ഫോൺ എടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം. എല്ലായിടത്തും ഓടിയെത്താനുള്ള ജീവനക്കാരില്ലെന്നാണ് ഇതിന് വൈദ്യുതിബോർഡിന്റെ ഭാഗത്തുനിന്നുള്ള മറുപടി.മഴക്കാലത്തിന് മുന്നേ വൈദ്യുത ലൈനുകളിലേക്ക് വീഴാൻ സാദ്ധ്യതയുള്ള ശിഖരങ്ങൾ വെട്ടിയും മറ്റുമായി മുൻകരുതൽ എടുക്കാറുണ്ടെങ്കിലും ചിലയിടങ്ങളിലും ഇത് നാമമാത്രയായെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തടസ്സപ്പെട്ട വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജീവനക്കാ‌ർ.ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്. വൈദ്യുത ലൈനുകൾ പൊട്ടിയതായി ശ്രദ്ധയിൽ പെട്ടാൽ അത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണം. പൊട്ടിയ കമ്പികളിൽ തൊടാതിരിക്കാനും കമ്പികൾ വീണുകിടക്കുന്ന വെള്ളക്കെട്ടുകളിൽ ചവിട്ടാതിരിക്കാനും ശ്രദ്ധിക്കണം. -ജില്ല വൈദ്യുത ഭവൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL