SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.40 PM IST

തീ പിടുത്തത്തിൽ ആശങ്ക ഒഴിയാതെ കണ്ണൂർ തീരം വ്യാജപ്രചാരണവും വില്ലൻ.

ship

മത്സ്യ തൊഴിലാളികളിലും ആശങ്ക

കണ്ണൂർ: അഴീക്കൽ തീരത്തിന് 44 നോട്ടിക്കൽ മൈൽ ദൂരെ സിംഗപ്പൂർ കപ്പലിന് തീ പിടിച്ച സംഭവത്തിൽ കണ്ണൂർ തീരത്ത് താമസിക്കുന്നവർക്കും മത്സ്യ തൊഴിലാളികൾക്കും ആശങ്ക. കപ്പലിലെ കണ്ടയിനറുകളിൽ ഉള്ള വസ്തുക്കളുടെ വിവരം പുറത്തറിഞ്ഞതിന് ശേഷമാണ് ആശങ്ക ഇരട്ടിച്ചത്. മനുഷ്യനും പ്രകൃതിക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള വസ്തുക്കളാണ് കപ്പലിലെ കണ്ടെയിനറുകളിൽ ഉള്ളതെന്ന വിവരം പുറത്തുവന്നതോടെ ദൈനംദിന ജീവിതത്തെ ബാധിക്കുമോയെന്നതാണ് ഇവരെ ആധിയിലാഴ്ത്തിയിരിക്കുന്നത്.

കടലിലെ മത്സ്യ സമ്പത്തിനെ ബാധിക്കുമോ എന്ന ആശങ്ക മത്സ്യ തൊഴിലാളികൾക്കും ഉണ്ട്. കണ്ണൂരിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കടലിനെ ആശ്രയിച്ച് കഴിയുന്നത്. തങ്ങളുടെ ഉപജീവനം ഇല്ലാതാക്കുന്നതിന് കപ്പലപകടം കാരണമാകുമോയെന്നതാണ് ഇവരെ ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത്.

കണ്ടയിനറുകളിൽ ഉഗ്രവിഷപദാർത്ഥങ്ങളും

157 കണ്ടെയിനറുകളിൽ അപകടകാരിയായ ഉത്പന്നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. തീ പിടിക്കുന്ന വസ്തുക്കളും കീടനാശിനികളും രാസവസ്തുക്കളും ഇതിൽപെടുന്നു. ഇന്റർനാഷണൽ മാരീ ടൈം ഓർഗനൈസേഷന്റെ മാർഗ രേഖ പ്രകാരം 6.1 ക്ളാസിൽ ഉൾപ്പെടുന്ന കൊടിയ വിഷമുള്ള കീടനാശിനികളുമുണ്ട്. ഇരുപത് കണ്ടെയിനറുകളിലായി 1.83 ലക്ഷം കിലോഗ്രാം ബൈപൈറിലീഡിയം കീടനാശിനിയും മറ്റൊരു കണ്ടെയിനറിൽ 27,886 കിലോഗ്രാം ഈഥൈൽ ക്ളോറോഫോമേറ്റ് കീടനാശിനിയുമുണ്ട്. ഡൈ മീഥൈൽ സൾഫേറ്റ്. ഹെക്സാ മെഥലിൻ ഡൈസോസൈനേറ്റ് തുടങ്ങിയ രാസവസ്തുക്കളും കണ്ടെയിനറുകളിലുണ്ട്.ബെൻസോഫെനോൺ, ട്രൈക്ളോറോ ബെൻസീൻ, ലിഥിയം ബാറ്ററികൾ എന്നിവയുമുണ്ട്. ഇവയെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാൻ പോന്നവയാണ്.

വ്യാജ പ്രചരണങ്ങൾ വയറ്റത്തടിക്കുന്നു

കപ്പലിൽ നിന്നും ഇരുപത്തിയഞ്ചോളം കണ്ടെയിനറുകളാണ് കടലിൽ വീണിരിക്കുന്നതെന്നാണ് അഴീക്കൽ പോർട്ട് ഓഫീസർ ഉൾപ്പെടെ വ്യക്തമാക്കുന്നത്. കടലിന്റെ ഒഴുക്ക് പ്രകാരം ഇവ കോഴിക്കോട് കൊച്ചി തീരങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇവയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പോർട്ട് ഓഫീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പേടിക്കേണ്ട തരത്തിലുള്ള പ്രശ്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്. . എന്നാൽ കപ്പലിൽ തീ പിടിച്ചത് ജനങ്ങളിൽ മത്സ്യം കഴിക്കരുതെന്ന പ്രചാരണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പരിതപിക്കുന്നത്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ട്.കൊച്ചി തീരത്ത് കപ്പൽ മുങ്ങിയത് കണ്ണൂരിലെ മത്സ്യ വ്യാപാരത്തെ ബാധിച്ചിരുന്നു. ഈ അപകടം കൂടിയാകുമ്പോൾ ട്രോളിംഗ് നിരോധനത്തിന് ശേഷം മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കടലിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മത്സ്യവളർച്ചയേയും ലഭ്യതയേയും ബാധിക്കില്ലെന്നു തന്നെയാണ് മത്സ്യ തൊഴിലാളികളും പറയുന്നത്.

 മത്സ്യബന്ധന മേഖല 20 നോട്ടിക്കൽ മൈൽ അകലെ

കപ്പൽ അപകടം 44 നോട്ടിക്കൽ മൈൽ ദൂരെ

ഇത്തരം സംഭവങ്ങൾ ഉപജീവനത്തെ എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ട്. മത്സ്യ സമ്പത്ത് കുറയാൻ സാദ്ധ്യതയില്ല. പക്ഷെ വ്യാപാരത്തെ ബാധിക്കാൻ ഇത് കാരണമാകുന്നുണ്ട്. കൊച്ചിയിലെ അപകടത്തിന് പിന്നാലെ ജില്ലയിൽ മത്സ്യവ്യാപാരം കുത്തനെ കുറഞ്ഞിരുന്നു. - സഹീർ പാലക്കൽ (മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL