SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.40 PM IST

കുത്തനെ ഉയർന്ന് മത്സ്യ,​മാംസ വിപണി; പൊള്ളും വില

hike

കണ്ണൂർ : മത്സ്യ -മാംസങ്ങളുടെ വില കുതിച്ചുയരുന്നു .രണ്ടാഴ്ചക്കിടെ ചിക്കൻ 30 രൂപയും ബീഫിന് 60 രൂപയുമാണ് വർദ്ധിച്ചത്.
ഒരു കിലോ പോത്തിറച്ചിക്ക് മലബാർ മേഖലയിൽ നാനൂറിനടുത്താണ് വില. കഴിഞ്ഞ മാസം 350 രൂപയ്ക്ക് ലഭിച്ചിരുന്നിടത്താണിത്. ജില്ലയിലെ മലയോരത്ത് ഈ മാസം ഒന്നു മുതൽ 460 രൂപയ്ക്കാണ് ചിലയിടങ്ങളിൽ ബീഫ് വിൽപ്പന നടത്തിയത്. എല്ലില്ലാത്ത ഇറച്ചിയാണ് മലയോരത്ത് കൂടുതലും ആവശ്യം വരുന്നത്. ഇതാണ് വില ഇത്രയധികം വർദ്ധിച്ചതെന്നാണ് കച്ചവടക്കാർ പറഞ്ഞു.

കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇറച്ചിക്ക് ആവശ്യമായ പോത്തുകളെ എത്തിച്ചിരുന്നത്. എന്നാൽ ഗോവധവുമായി ബന്ധപ്പെട്ടും മറ്റും ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ പോത്തുകളുടെ വരവ് ഗണ്യമായി കുറഞ്ഞു. വ്യാപാരികൾ പാലക്കാട് നിന്നാണ് മാംസത്തിന് ആവശ്യമായ പോത്തുകളെ ഇറക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായിട്ട് ഇറച്ചിക്ക് ആവശ്യമായ പോത്തുകളെ ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഇത് മുതലാക്കി ഇടനിലക്കാർ വില വർദ്ധിപ്പിച്ച് വൻ ലാഭം കൊയ്യുന്ന സാഹചര്യവുമുണ്ട്.വില താങ്ങാൻ സാധിക്കാതായതോടെ കോൾഡ് സ്‌റ്റോറേജ് അടക്കമുള്ള ചില്ലറ വ്യാപാരികൾ പ്രതിസന്ധിയിലാണ്.

കിലോയ്ക്ക് 120-130 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിയിറച്ചിക്ക് പലിടത്തും 250 രൂപ വരെയായി വർദ്ധിച്ചു. ഫാമുകളിലെ കോഴി ഉത്പ്പാദനം കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം. ചൂടുകാലത്ത് ഫാമുകളിലെ കോഴികുഞ്ഞുങ്ങൾ ചത്തൊടുങ്ങിയതും വില വർദ്ധനവിന് കാരണമായി പറയപ്പെടുന്നു. രണ്ടു കിലോയിൽ താഴെ തൂക്കമുള്ള കോഴികളാണ് തമിഴ് നാട്ടിൽ നിന്നും കൂടുതലെത്തുന്നത്. അഞ്ചുരൂപയുണ്ടായിരുന്ന മുട്ടയുടെ വില ആറുരൂപയിലെത്തി. മട്ടൻ കിലോയ്ക്ക് 900 ആണ് വില.കഴിഞ്ഞ വർഷം ജൂണിലും സംസ്ഥാനത്ത് ബീഫ് ,ചിക്കൻ വില വലിയതോതിൽ വർദ്ധിച്ചിരുന്നു. 260 മുതൽ 270 വരെയായിരുന്നു അന്ന് കോഴി ഇറച്ചിയുടെ വില . പോത്തിറച്ചിക്ക് 340 മുതൽ 360 രൂപ വരെയും നൽകേണ്ടിവന്നിരുന്നു.

പിടിച്ചാൽ കിട്ടാതെ മത്സ്യവില
പ്രതികൂല കാലവസ്ഥയും മറ്റും കൊണ്ട് കടലിൽ പോകാൻ നിരോധനം ഏർപ്പെടുത്തിയതോടെയാണ് മത്സ്യത്തിന്റെ വില കുതിച്ചുയർന്നത്. ഈ ഓരോ ദിവസവും മീൻവിലയിൽ ഏറ്റകുറച്ചിൽ ഉണ്ടാകുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് ഒരു കിലോ അയലക്ക് 240 മുതൽ 350 വരെ വിലയുണ്ടായിരുന്നു. മത്തിക്ക് 240 മുതൽ 280 വരെയും മാന്തക്ക് റെക്കോർഡ് വിലയാണ്. അയക്കൂറ പല മത്സ്യമാർക്കറ്റിലും കിട്ടാനില്ല. ട്രോളിംഗ് നിരോധനം കൂടി നിലവിൽ വന്നതോടെ വില ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.

മീൻ വില

അയല-240 260

മത്തി-200

ചെമ്മീൻ-360-400

കട്ല-280

അയക്കൂറ-1200-1300

സ്രാവ്-400-440

തെരണ്ടി-400

നത്തൽ-200

വേളൂരി-280

മാന്ത-260

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL