SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 AM IST

കാസർകോട് യു.ഡി.എഫിൽ വിമത പ്രളയം   പുറത്തേക്ക് വാതിൽ തുറന്ന് കോൺഗ്രസ് 

rebal

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നിരവധി വാർഡുകളിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമതർ സജീവം. വിമത സ്ഥാനാർത്ഥികളുടെ പ്രളയത്തെ അച്ചടക്കനടപടിയിലൂടെ പ്രതിരോധിക്കാനാണ് കോൺഗ്രസ് തീരുമാനം.ഇതു പ്രകാരം നിരവധി പേരെ ഇതിനകം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിക്കഴിഞ്ഞു.

കൂട്ടത്തിൽ ഏറ്റവുമധികം വിമതരുള്ളത് കോൺഗ്രസിന്റെ ശക്തിദുർഗമായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലാണ്. ഒന്നാം വാർഡിൽ ജയ്സൺ തോമസ്, മൂന്നാം വാർഡിൽ ജെസ്സി ടോം, ഏഴാം വാർഡിൽ ജോൺ പേണ്ടാനം, ഒമ്പതാം വാർഡിൽ മാത്യു സെബാസ്റ്റ്യൻ, പതിനാലാം വാർഡിൽ ത്രേസ്യാമ്മ ടോമി എന്നിവരാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ രംഗത്തുള്ളത്. ഡി.സി.സി ഓഫീസിൽ വച്ചുണ്ടായ മർദ്ദനവും പിന്നാലെ ഡി.സി.സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതുമടക്കമുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ് ഈസ്റ്റ് എളേരിയിലുള്ളത്.

കോൺഗ്രസിന്റെ മറ്റൊരു കോട്ടയായ കള്ളാർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പി.എം ബേബി പാലത്തനാടിയിലും മുന്നണിക്കെതിരെ മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് ഭരണമുള്ള കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സമീറ റിയാസ്, എൻമകജെ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ അബ്ദുൽ ലത്തീഫ്, ബളാൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സനോജ് മാത്യു, ചെങ്കള ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സലീം എടനീർ, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മാധവി മുണ്ടോൾ, ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പി.വിജയൻ, നീലേശ്വരം നഗരസഭയിലെ മുപ്പതിനാലാം വാർഡിൽ വി.ഉഷ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് എരിയാൽ ഡിവിഷനിൽ പർവിൻ ടീച്ചർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പുത്തിഗെ ഡിവിഷനിൽ ഷുക്കൂർ കനാജെ എന്നിവരും യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് ഭീഷണിയുമായി പ്രചാരണരംഗത്താണ്.

പുറത്താക്കി കോൺഗ്രസ്

യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാ‌ർത്ഥികൾക്കെതിരെ മത്സരിക്കുന്ന മുഴുവൻ വിമതരെയും കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അറിയിച്ചു. വിമതസ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകിയതിന് കള്ളാർ ഗ്രാമപഞ്ചായത്തിലെ സജി മണ്ണൂർ, ജോഷി പാലത്തനാടിയിൽ, കുമ്പള ഗ്രാമപഞ്ചായത്തിലെ റിയാസ്, കേശവ ദർബാർകട്ട, ബളാൽ ഗ്രാമപഞ്ചായത്തിലെ എൻ.ടി മാത്യു എന്നിവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL