SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

കണ്ണൂരിൽ ഹാട്രിക്കടിക്കാൻ കടന്നപ്പള്ളി;  ഇറങ്ങുമോ കെ.സുധാകരൻ

kannur

കണ്ണൂർ: യു.ഡി.എഫ് കോട്ടയായ കണ്ണൂർ മണ്ഡലം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഇടതിന് മനസു കൊടുക്കുകയായിരുന്നു.എൽ.ഡി.എഫിന് ബാലികേറാമലയായിരുന്ന കണ്ണൂരിനെ പിടിച്ചെടുത്ത കടന്നപ്പള്ളി രാമചന്ദ്രൻ ഇക്കുറിയും മുന്നണിയുടെ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
26ാം വയസ്സിൽ കാസർകോട് ലോക്സഭയിൽ സാക്ഷാൽ ഇ.കെ.നായനാരെ പരാജയപ്പെടുത്തിയ കടന്നപ്പള്ളി തിരഞ്ഞെടുപ്പുകളിൽ എതിരാളികളെ എന്നും ഞെട്ടിച്ചിട്ടുണ്ട്. ഇക്കുറി മത്സരിക്കുമ്പോൾ പ്രായം 82 ആണ് കടന്നപ്പള്ളിക്ക്. 2016ൽ 1196 വോട്ടിനും 2021ൽ 1,745 വോട്ടിനുമായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. വ്യക്തിപ്രഭാവം കൊണ്ടുള്ള വിജയമാണ് കണ്ണൂർ മണ്ഡലത്തിൽ സംഭവിച്ചതെന്നാണ് സി.പി.എം വിശ്വസിക്കുന്നത്.

അതെ സമയം കണ്ണൂർ മണ്ഡലത്തിൽ നിന്ന് 110 ശതമാനം മത്സരിക്കാൻ കഴിയുമെന്ന ഉറപ്പുണ്ടെന്ന് കെ.സുധാകരൻ എം.പി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എം.പിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് മറികടക്കുന്നത് പക്ഷെ എളുപ്പമല്ല. ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടെന്ന നിലപാടുമായി കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും സുധാകരന് പരോക്ഷമായ മറുപടിയും നൽകിയിട്ടുണ്ട്. എം.പി സ്ഥാനം ഒഴിഞ്ഞ് എം.എൽ.എ ആകണമെന്നും മന്ത്രിയാകണമെന്നുമുള്ള ആഗ്രഹം സുധാകരൻ പല നേതാക്കളോടും നേരത്തേ തന്നെ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
സുധാകരൻ മത്സരരംഗത്ത് വരില്ലെങ്കിൽ മുൻ മേയർ ടി.ഒ.മോഹനൻ, മഹിളാ കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ എന്നിവർ പരിഗണനയിലുണ്ട്. മുൻ മന്ത്രിയും ഡി.സി സി പ്രസിഡന്റുമായിരുന്ന എൻ.രാമകൃഷ്ണന്റെ മകളായ അമൃത ദീർഘകാലമായി സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.

തദ്ദേശത്തിൽ കരുത്തുകാട്ടി യു.ഡി.എഫ്
2021ൽ ജയം ഉറപ്പിച്ചിരുന്ന ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി 1,745 വോട്ടിനാണ് പരാജയം രുചിച്ചത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫ് കരുത്ത് പ്രകടമാക്കി. മണ്ഡലത്തിൽ 10,838 വോട്ടിന്റെ മേൽക്കൈയാണ് യു.ഡി.എഫിനുണ്ടായിരുന്നത്. ബി.ജെ.പിയും ഇത്തവണ ഈ മണ്ഡലത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ദേശീയ സമിതി അംഗം സി രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ബി.ജെ.പി ആലോചനയിലുള്ളത്.


2021 നിയമസഭാ തിരഞ്ഞെടുപ്പ്

രാമചന്ദ്രൻ കടന്നപ്പള്ളി എൽ.ഡി.എഫ് 60313
സതീശൻ പാച്ചേനി യു.ഡി.എഫ് 58568
അർച്ചന വണ്ടിച്ചാൽ എൻ.ഡി.എ 11581

ഭൂരിപക്ഷം 1745

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL