SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.24 PM IST

മൂന്ന് സിറ്റിംഗ് മണ്ഡലങ്ങളിലും മികച്ച ജയം കാസർകോട്ട് കോട്ടകൾ ഭദ്രമെന്ന് സി.പി.എം

cpm

കാസർകോട്:തീപാറിയ മത്സരം നടന്നിട്ടും കാസർകോട് ജില്ലയിലെ എൽ.ഡി.എഫ് കോട്ടകൾ ഇക്കുറിയും ഭദ്രമാണെന്ന് സി.പി.എം വിലയിരുത്തൽ. ബൂത്ത്, ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികൾ മുഖേന ശേഖരിച്ച കണക്കുകൾ പ്രകാരമാണ് നിലവിൽ കൈവശമുള്ള ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും സുരക്ഷിതമാണെന്ന് സി.പി.എം വിലയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും പാർട്ടിയുടെ കണക്കുകൾ പറയുന്നു.

ഉറച്ച വോട്ടുകളുടെ കണക്കിൽ ഉദുമയിൽ സിറ്റിംഗ് എം.എൽ.എ അഡ്വ .സി.എച്ച് കുഞ്ഞമ്പു 3500 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് വിലയിരുത്തൽ. അനുകൂല വോട്ടുകളുടെ കണക്കും കൂടി ചേർത്താൽ ഭൂരിപക്ഷം വർദ്ധിക്കും. 2021 ൽ 3000 വോട്ടിന് സി എച്ച് കുഞ്ഞമ്പു ജയിക്കുമെന്നായിരുന്നു പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഫലം വന്നപ്പോൾ 13,322 വോട്ടിനാണ് ഉദുമയിൽ എൽ.ഡി.എഫ് വിജയിച്ചത്. തൃക്കരിപ്പൂരിൽ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡോ.വി.പി.പി മുസ്തഫ തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഉറച്ച വോട്ടുകളുടെ കണക്കെടുപ്പിൽ സി.പി.എം എത്തിച്ചേർന്നിരിക്കുന്നത്. 2021ൽ ഉറച്ച വോട്ടുകളുടെ കണക്കെടുപ്പിൽ 8000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എം.രാജഗോപാലന് കണക്കാക്കിയിരുന്നത്.എന്നാൽ ഫലം വന്നപ്പോൾ ഇത് 26,137 എന്ന വലിയ സംഖ്യയിലെത്തി. കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. മലയോരം കേന്ദ്രീകരിച്ചുള്ള കുടിയേറ്റ വോട്ടുകളിൽ നല്ലൊരുഭാഗം യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും പാർട്ടി വിലയിരുത്തിയിട്ടുണ്ട്.

കാസർകോട്ടും കസറും

മൂന്നാമതാകുകയും പലപ്പോഴും കെട്ടിവച്ച കാശുപോലും നഷ്ടപ്പെടുകയും ചെയ്ത കാസർകോട് നിയോജകമണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫ് മികച്ച മുന്നേറ്റം നടത്തുമെന്നും സി.പി.എം വിലയിരുത്തുന്നു. നാലായിരത്തിനടുത്ത് വോട്ട് ഷാനവാസ് നേടുമെന്നാണ് വിലയിരുത്തൽ. മഞ്ചേശ്വരത്ത് കെ.ആർ.ജയാനന്ദ വോട്ട് ഷെയർ വർദ്ധിപ്പിക്കുമെന്നും സി.പി.എമ്മിന്റെ കണക്കുകൾ പറയുന്നു.

പൂ‌ർണവിലയിരുത്തൽ വിഷുവിന് ശേഷം

പാർട്ടി കമ്മിറ്റികൾ നൽകിയ കണക്കുകൾ വിഷുവിന് ശേഷം ചേരുന്ന സി.പി എം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റി യോഗവും ഇടതുമുന്നണി ജില്ലാ കമ്മിറ്റി യോഗവും ചർച്ച ചെയ്യും. കഴിഞ്ഞ ലോകസഭാ തിരെഞ്ഞടുപ്പിൽ മണ്ഡലം കമ്മറ്റി നൽകിയ റിപ്പോർട്ടിൽ പാളിച്ച സംഭവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ പാർട്ടിക്ക് ഉറപ്പായി മാത്രം ലഭിക്കുന്ന വോട്ടുകളുടെ കണക്ക് ശേഖരിക്കാൻ നിർദ്ദേശം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL