SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.53 AM IST

അഞ്ചും അതിലേറെയും; യു.ഡി.എഫിന് ആത്മവിശ്വാസത്തിന്റെ കണക്ക്

udf
യു.ഡി.എഫ്

കണ്ണൂർ: നിയമസഭ വോട്ടെടുപ്പ് കഴിഞ്ഞ് മേയ് നാലിലെ ഫലപ്രഖ്യാപനം കാത്തിരിക്കുന്ന ജില്ലയിൽ ആത്മവിശ്വാസം കൈവിടാതെ യു.ഡി.എഫ്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ അഞ്ചിലെങ്കിലും വിജയം ഉറപ്പെന്ന് ജില്ലാ നേതൃത്വം. അതേസമയം എൽ.ഡി.എഫ് സമ്പൂർണ ആധിപത്യം അവകാശപ്പെടുന്നുമുണ്ട്. ഫലം എന്തായാലും കണ്ണൂരിൽ ഇത്തവണ കണ്ടത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കനത്ത പോരാട്ടം.

അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ, ഇരിക്കൂർ, പേരാവൂർ എന്നീ അഞ്ച് മണ്ഡലങ്ങൾ നേടുമെന്നാണ് യു.ഡി.എഫ് നേതാക്കളായ പി.ടി. മാത്യുവും കരീം ചേലേരിയും വ്യക്തമാക്കുന്നത്. ജില്ലയിലെ പോളിംഗ് വർദ്ധന തങ്ങൾക്ക് അനുകൂലമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനവ്യാപകമായ യു.ഡി.എഫ് തരംഗം കണ്ണൂരിലും പ്രതിഫലിക്കുമെന്നാണ് മുന്നണിയുടെ നിലപാട്. തലശ്ശേരിയിൽ കെ.പി. സാജു, കല്യാശ്ശേരിയിൽ രാജീവൻ കപ്പച്ചേരി, ധർമടത്ത് വി.പി. അബ്ദുൾ റഷീദ്, മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരി എന്നിവർ കടുത്ത മത്സരമാണ് നടത്തിയതെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു.

ഏറ്റവും ശക്തമായ മത്സരം നടന്ന പേരാവൂരിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് 10,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് എതിരാളിയെങ്കിലും 2021ലെ 3,172 വോട്ടിന്റെ ഭൂരിപക്ഷത്തെക്കാൾ നേടുമെന്നാണ് കണക്കുകൂട്ടൽ.


യു.ഡി.എഫ് അവകാശവാദം

അഴീക്കോട്: മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷൻ കരീം ചേലേരിക്ക് 3,000 മുതൽ 6,000 വരെ വോട്ടിന്റെ ഭൂരിപക്ഷം.
ഇരിക്കൂർ: സജീവ് ജോസഫ് 10,000ത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിക്കും.
കണ്ണൂർ: ടി.ഒ. മോഹനൻ 15,000ത്തിലധികം ഭൂരിപക്ഷം നേടും.
കൂത്തുപറമ്പ്: ജയന്തി രാജൻ 5,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിക്കും.

പേരാവൂർ: കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം.


ആകാംക്ഷയോടെ പയ്യന്നൂരും തളിപ്പറമ്പും
സി.പി.എം വിട്ട ടി.കെ ഗോവിന്ദൻ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവർ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ഈ മണ്ഡലങ്ങളുടെ കാര്യത്തിൽ സ്ഥിതി വിലയിരുത്തി വരികയാണെന്നാണ് നേതൃത്വം പറയുന്നത്. ഈ നേതാക്കളുടെ വ്യക്തിപ്രഭാവവും സി.പി.എം അണികളിൽ നിന്നുള്ള സ്വാധീനവും കൂടി ഈ മണ്ഡലങ്ങൾ പിടിക്കാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഇരു മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ശുഭ സൂചനയാണെന്ന് നേതൃത്വം കണക്കാക്കുന്നു.


80.2 ശതമാനം
കണ്ണൂർ ജില്ലയിൽ ആകെ 21,76,984 വോട്ടർമാരിൽ ബൂത്ത് വോട്ടിംഗ്, ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നവയെല്ലാം ചേർത്ത് 80.2 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി. 2021ലും ഇതേ ശതമാനം ആയിരുന്നു. ഏറ്റവും ഉയർന്ന പോളിംഗ് മട്ടന്നൂരിലാണ് 84.2 ശതമാനം. ഏറ്റവും കുറഞ്ഞത് ഇരിക്കൂറിൽ 76.02 ശതമാനം. ജില്ലയിലെ പോളിംഗ് വർദ്ധന ഒന്നടങ്കം അനുകൂലമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL