തിരുവനന്തപുരം: ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ടക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും, കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്ന് സി.പി.എം.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞ് തന്നെ കാണാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ ബി.ജെ.പി അനുകൂല നിലപാടിലേക്ക് യു.ഡി.എഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണ്? മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടക കക്ഷികള്‍ ഇത് അംഗീകരിക്കുന്നുണ്ടോ? ഇത് സംബന്ധിച്ച് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലീഗ് അടക്കമുള്ളവര്‍ ജനങ്ങളോട് തുറന്നുപറയണം.
ബി.ജെ.പി നേതാവിന്റെ ഹര്‍ജിയോട് സര്‍ക്കാര്‍ യോജിക്കുന്നുവോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തോട് സംശയലേശമന്യേ എ.ജി പറഞ്ഞത് സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നുവെന്നാണ്. നേരത്തെ ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തം. മുസ്ലീം ലീഗിനെ പിന്തുണക്കുന്ന സാമുദായിക സംഘടനകളും ഇതില്‍ അഭിപ്രായം പറയയേണ്ടതുണ്ടെന്നും സിപിഎം അഭിപ്രായപ്പെട്ടു.
ആര്‍.എസ്.എസിന്റെ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്, പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങളെ പോലും തള്ളിയാണ് വഖഫ് നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. അന്ന് അതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാട് എടുത്തത് സി.പി.എമ്മും, ഇടതുപക്ഷവുമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കാഴ്ചക്കാരനായി നിന്നെങ്കില്‍ പ്രിയങ്കാ ഗാന്ധി സഭയില്‍ പോലും എത്തിയില്ലെന്നും സിപിഎം കുറ്റപ്പെടുത്തി. വര്‍ഗ്ഗീയതയ്ക്ക് സാഷ്ടാംഗം കീഴടങ്ങുന്ന യു.ഡി.എഫ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിലപാടിലൂടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുറന്നുകാട്ടപ്പെട്ടുവെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
cpm against udf government in waqf board issue
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |