SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.44 AM IST

വിഷു: മൺപാത്രത്തിന് ആവശ്യക്കാരേറെ...

vishu
വിഷുവിനോടനുബന്ധിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിലെ മൺപാത്ര വിപണി.

കണ്ണൂർ: വിഷുവിന് മുന്നോടിയായുള്ള മൺപാത്ര വിപണി സജീവം. നഗരത്തിൽ സ്റ്റേഡിയം കോർണർ, ടൗൺ സ്ക്വയർ എന്നിവിടങ്ങളിലെല്ലാം ചൂടിനെ വകവയ്ക്കാതെ തകൃതിയായാണ് വിൽപ്പന. ഉരുളി ചട്ടി, മഞ്ചാടി ചട്ടി, കറുത്ത ചട്ടി, ചീനച്ചട്ടി, കണിക്കലം, അടുപ്പ് കലം, വലിയ ഉരുളി, മൂടിയും പാത്രവും, ഉപ്പ് ഭരണി, നിലമ്പൂർ ചട്ടി, കൂജ തുടങ്ങിയ അടുക്കളയിലേക്കും കണിവയ്ക്കാനുമാവശ്യമായ എല്ലാ ചട്ടികളും ഇവിടെ ലഭ്യമാണ്. ചില സ്ഥലങ്ങളിൽ മണ്ണ് കൊണ്ട് നിർമിച്ച ഗണപതി, ബുദ്ധൻ എന്നിവരുടെ ശില്പങ്ങളുമുണ്ട്.

നഗരത്തിൽ മാത്രമല്ല ജില്ലയിലെ വിവിധ ഭാഗങ്ങളിലും മൺപാത്ര വിപണി സജീവമായി കഴിഞ്ഞു. കണിയൊരുക്കുമ്പോൾ മൺപാത്രം മലയാളികൾക്ക് പ്രധാനമാണെന്നതിനാൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്നതും ഈ സമയത്താണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ജില്ലയിൽ കച്ചവടം നടത്തുന്നത്. ജില്ലയിൽ പേരാവൂരിൽ നിർമിക്കുന്ന മൺപാത്രങ്ങളുടെ വിൽപ്പനയും ചിലയിടങ്ങളിലുണ്ട്.

പ്ലാസ്റ്റിക്ക്, സ്റ്റീൽ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചതോടെ മൺചട്ടി വ്യവസായത്തിന് മങ്ങലേറ്റിട്ടുണ്ടെന്ന് സ്റ്റേഡിയം കോർണറിൽ കച്ചവടത്തിനെത്തിയ കോഴിക്കോടുകാരി കമല പറയുന്നു. എന്നാൽ സീസൺ സമയങ്ങളിൽ മികച്ച വിൽപനയും നടക്കാറുണ്ട്. വേനൽക്കാലമായതിനാൽ ഓഫിസുകളിലേക്കും വീടുകളിലേക്കുമെല്ലാം കൂജ വാങ്ങുന്നവരുണ്ട്. അടുക്കളകളിൽ സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്ക് പകരം മൺപാത്രങ്ങൾ തിരിച്ചുവന്നതും പ്രതീക്ഷ നൽകുന്നതാണ്.

40 മുതൽ 800 രൂപ വരെ

40 മുതൽ 800 രൂപ വരെ വിലയുള്ള ചട്ടികൾ വിൽപ്പനക്കുണ്ട്. ചട്ടികളുടെ വലുപ്പത്തിനനുസരിച്ചാണ് വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചട്ടികൾക്കെല്ലാം 10 രൂപ വർദ്ധിച്ചിട്ടുണ്ട്. ഉത്പാദന ചിലവ്, വിറക് ക്ഷാമം, മണ്ണ് ലഭ്യത കുറവ് എന്നിവ കാരണമാണ് വില വർദ്ധിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VISHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL