SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

നഷ്ടസ്മൃതികളുമായി തിമിരി കൂത്തമ്പലം; മിഴാവ് മുഴങ്ങാതെ മുക്കാൽ നൂറ്റാണ്ട്..

koothambalam

ആലക്കോട്:ഉത്തര മലബാറിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നായ തിമിരി ശിവക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ കൂത്ത് നിലച്ച് എഴുപത് വർഷത്തോളമായി.ഇരിങ്ങാലക്കുട കൂടൽ മാണിക്യക്ഷേത്രത്തിൽ കൂത്ത് അവതരിപ്പിച്ചിരുന്ന ചാക്യാന്മാരാണ് അന്ന് തിമിരി ക്ഷേത്രത്തിൽ കൂത്ത് അവതരിപ്പിച്ചത്. കൂത്ത് നിലച്ചതിന് ശേഷം കുറച്ചു കാലം പാഠകം അവതരിപ്പിച്ചിരുന്നെങ്കിലും പിന്നാലെ അതുമില്ലാതായി.

മലയാളക്കരയിലെ അതിപ്രാചീന ജനപദങ്ങളിലൊന്നായ പെരിഞ്ചെല്ലൂർ (ഇന്നത്തെ തളിപ്പറമ്പ്) ഗ്രാമത്തിനൊപ്പം നിലനിന്നിരുന്ന പൗരാണിക ജനവാസ ഗ്രാമമാണ് തിമിരി. തിമിരി ശിവക്ഷേത്രത്തിന് രണ്ടായിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ കൂത്തമ്പലത്തിനും ഇത്രത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്കുംകലാസ്വാദകർക്കും ചരിത്രാന്വേഷികൾക്കും കൗതുക കാഴ്ചയാണ് പെരുമ്പടവ് ചെറുപുഴ റോഡരികിലെ ഈ കൂത്തമ്പലം.

തിമിരി ദേശത്തിന്റെ ജന്മികൾ ആയിരുന്ന കുമിഴി നാലുകെട്ട് തറവാട്ടുകാരുടെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രം ഒരു കാലത്ത് ക്ഷയോന്മുഖമായിരുന്നു. പിന്നീട് 1943 ൽ തറവാട്ടു കാരണവരായിരുന്ന കുമിഴി ചാത്തുക്കുട്ടി നമ്പ്യാരാണ് നവീകരിച്ചത്. ശിവരാത്രി മുതൽ 11 ദിവസമാണ് ഇവിടെ പ്രധാന ഉത്സവം.തിടമ്പ് നൃത്തം,സമാപനദിനത്തിൽ ക്ഷേത്രത്തിന് പുറത്ത് അരയാൽ തറയ്ക്കു കീഴെ നടത്തുന്ന കളിയാട്ടം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ . ഉത്സവകാലത്ത് ഗാനമേളയും നാടകവും ഉൾപ്പെടെ വിവിധ കലാപരിപാടികൾ പതിവാണെങ്കിലും കേരളത്തിലെ തന്നെ ഏറ്റവും വലുതും പഴക്കമേറിയതുമായ കൂത്തമ്പലത്തിൽ മിഴാവിന്റെയും ഇലത്താളത്തിന്റെയും പശ്ചാത്തലത്തിൽ ചാക്യാരുടെ ഹാസ്യരസപ്രധാനമായ കൂത്ത് എന്ന് പുനർജനിക്കുമെന്നാണ് കലാസ്വാദകരുടെ ചോദ്യം.

കടഞ്ഞെടുത്തത് കനിമരുതിന്റെ കാതലിൽ

കൂറ്റൻ ചെങ്കൽ തറയുടെ മുകളിലായി കനിമരുത് വൃക്ഷത്തിന്റെ കാതൽ കൊണ്ട് നിർമ്മിച്ച 40 തൂണുകളാണ് കൂത്തമ്പലത്തിന്റെ മുഖ്യ ആകർഷണം.നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തൂണുകൾക്കും കഴുക്കോലുകൾക്കും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ആദ്യകാലത്ത് മണ്ണ് കൊണ്ടുള്ള ചിറ്റോടായിരുന്ന മേഞ്ഞിരുന്നത്. പിന്നീട് മാടോടിലേക്കും പലകയോടിലേക്കും മാറി. നാലു കോണുകളിലായി വ്യാളി മുഖത്തോടു കൂടിയ ശില്പഭംഗിയാർന്ന പുറം തൂണുകമുണ്ട് . പുറമേയുള്ള അഴികൂട് പിൽക്കാലത്ത് പണികഴിപ്പിച്ചതാണെന്ന് ക്ഷേത്ര ചുമരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL