SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

വടക്കുമ്പാട്ടെ ഔഷധ കലവറ കാക്കണം നാടിന് പൊള്ളാതിരിക്കാൻ,

kavu

ചെറുവത്തൂർ: അതിവിശേഷ ഔഷധ ചെടികളുടെ കലവറയായ ചെറുവത്തൂർ വടക്കുമ്പാട്ടെ കാവിനെ എക്കാലത്തേക്കുമായി സംരക്ഷണമൊരുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും വിശ്വാസസമൂഹവും.കൃഷിയോടൊപ്പം നാട്ടു ജീവിതവും വ്യാപിച്ചതിന്റെ ഭാഗമായാണ് വിശാലമായ കാവ് ഇന്നത്തെ നിലയിലേക്ക് ചുരുങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. മറ്റ് ഭാഗങ്ങളെല്ലാം വെളിമ്പറമ്പായപ്പോൾ ചീർമ്മക്കാവിന് ചുറ്റുമുള്ള കാവ് വിശ്വാസസമൂഹമാണ് സംരക്ഷിച്ചുനിർത്തിയത്.

മുട്ടോളി പുഴയുടെ പോഷണത്തിൽ പടർന്നു പന്തലിച്ചതാണ് തച്ചറാവ് എന്ന് വിളിച്ചുവരുന്ന ശ്രീകുറുംബ കാവ്.

കാഞ്ഞിരംതോടു തൊട്ട് വീരമലയുടെ വടക്ക് കിഴക്കെ താഴ്വാരം ചുറ്റി പടിഞ്ഞാറ് മയ്യിച്ച വരെ ഈ കാവ് വ്യാപിച്ചുകിടന്നിരുന്നത്രെ. മയിലുകളുടെ ആവാസകേന്ദ്രമായതിനാൽ മയിൽച്ചേരിക്കാവ് എന്ന് അറിയപ്പെട്ടു. കാഞ്ഞിരംതോട്ടിന് വടക്കു ഭാഗം നിബിഡവനമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. വീരമലക്ക് കിഴക്ക് വടക്കു ചെരിവിലായുള്ള ഈ ഭാഗത്ത് ദേവദാരു തൊട്ട് കടമ്പ് വരെയുള്ള വൃക്ഷലതാദികളുടെ കലവറയായിരുന്നു . ഇലിഞ്ഞി, മതിലെള്ള്, മധുരക്കാഞ്ഞിരം, ആൽ, അരയാൽ, ബീംബ്, മരുത്, കനിമരുത്, ഇത്തി, അത്തി, ചേരൽ, താന്നി, പുന്നാഗം തുടങ്ങിയ വിശേഷപ്പെട്ട മരങ്ങൾ ഇവിടെ ഉണ്ടായിരുന്നത്രെ.

പതിറ്റാണ്ടിനിടയിൽ നഷ്ടമായത് അപൂർവ മരങ്ങൾ

വേങ്ങ, പ്ലാവ്, മാവി, നെല്ലി, കുരുന്ന് പന്തമരം(പശമരം), പയ്യാന, ഉരുപ്പി പുന്ന, കറുവപ്പട്ട എന്നീ മരങ്ങൾ ഒരു പതിറ്റാണ്ട് മുമ്പു വരെ കണ്ടുവന്നിരുന്നു. അവയിൽ ചിലതൊക്കെ ഇന്നും കാവിലുണ്ട്. നിലവേപ്പ്, കുറുന്തോട്ടി, കുറുമാണ്. നന്നാറി, കറ്റാർവാഴ, ചിറ്റമൃത്, നിലനാരകം മുതലായ ഔഷധച്ചെടികളുടെ വേരിനായും ഇലക്കായും മറ്റും അന്യദേശത്തുനിന്നും നാട്ടുവൈദ്യന്മാർ ഇവിടെയെത്തിയിരുന്നു. ചെത്തുകാർ തെങ്ങിൻ കുലയിൽ പുരട്ടാനുള്ള 'കുരുന്ന്' ശേഖരിക്കുന്നതും ഇവിടെ നിന്നാണ്. കറുവ, വിഷ്‌ണുക്രാന്തി, പൂവാംകുറന്നില, നിലപ്പന, ഉഴിഞ്ഞ, കീഴാർനെല്ലി, തിരുതാളി, കയ്യണ്ണി, മുയൽചെവിയൻ തുടങ്ങിയ ദശപുഷ്‌പവർഗ്ഗ ഔഷധച്ചെടികളും സുലഭമായിരുന്നു.ചീർമ്മലമ്മയുടെ പള്ളിയറയ്ക്ക് തൊട്ട് പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന പുന്നക്കായി മരവും പഴയ തലമുറയുടെ ഓർമ്മയിലുണ്ട്. സർപ്പഗന്ധി, പൊലുവള്ളി, കീഴാർനെല്ലി, മുക്കുറ്റി, തുളസി എന്നീ പൂജാസസ്യങ്ങളും സമൃദ്ധമാണ്. കാവിന്റെ തിരുമുറ്റത്ത് തുളസിയും തുമ്പപ്പൂച്ചെടികളും ധാരാളമായി ഇന്നും വളരുന്നുണ്ട്.

ചുട്ടുപൊള്ളുന്ന വെയിലിൽ ഉറയുന്ന തെയ്യങ്ങൾക്ക് പൊള്ളാതിരിക്കാൻ, നമുക്ക് പൊള്ളാതിരിക്കാൻ മരങ്ങൾ വെട്ടിമാറ്റാതിരിക്കുക. തെയ്യക്കാവുകൾ പ്രകൃതിക്കിണങ്ങുന്ന തരത്തിൽ സംരക്ഷിക്കുക. വ്യത്യസ്തമായ ഈ ഭൂമികയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിച്ചിരുന്നു. അത് നിഷ്പ്രയാസം സാധിക്കാനും കാവിലൂടെ നടക്കാനും കഴിഞ്ഞതിൽ വല്ലാത്തൊരു സന്തോഷം എന്നെ ചുറ്റുന്നുണ്ട്-ഡോ. അംബികാസുതൻ മാങ്ങാട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KAVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL