SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

അഴീക്കോട്ടെ തോൽവിയിൽ കോൺഗ്രസിനെതിരേ ലീഗ് ഐക്യമുന്നണിയിൽ വിള്ളൽ,

udf

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലുണ്ടായ തോൽവിയിൽ മുസ്ലിം ലീഗ് കോൺഗ്രസിനെതിരെ പരസ്യ ആരോപണവുമായി രംഗത്ത്. ജില്ലയിൽ യു.ഡി.എഫ് ചരിത്രവിജയം ആഘോഷിക്കുന്നതിനിടെ, ലീഗ് ജില്ലാ പ്രസിഡന്റും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അഡ്വ. അബ്ദുൽ കരീം ചേലേരിയിൽ നിന്നുണ്ടായ പ്രതികരണം യു.ഡി.എഫ് ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്നതായി .
349 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിനോട് പരാജയപ്പെട്ട ചേലേരി, തോൽവിക്ക് നേരിട്ട കാരണം ചൂണ്ടിക്കാട്ടി കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ലീഗ് സംസ്ഥാന നേതൃത്വത്തെ സംഭവങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ കോർപ്പറേഷൻ പരിധിയിലുള്ള പള്ളിക്കുന്ന്, പുഴാതി സോണലുകളിലും നാറാത്ത് പഞ്ചായത്തിലും ഉണ്ടായ വൻ വോട്ട് ചോർച്ചയാണ് പരാജയത്തിന്റെ കാതൽ. ഈ പ്രദേശങ്ങളിൽ കോൺഗ്രസ് ആധിപത്യം ഉണ്ടായിരുന്നിട്ടും ലീഗ് സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്നത് ശ്രദ്ധേയമാണ്. ടീം യു.ഡി.എഫ് എന്ന നിലയിൽ മേൽത്തട്ടിൽ ഒരുമിച്ചു പ്രവർത്തിച്ചെങ്കിലും അത് അടിത്തട്ടിലേക്ക് ഫലപ്രദമായി കൈമാറ്റം ചെയ്യുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്ന് ലീഗ് ആരോപിക്കുന്നു.
കണക്കുകൾ ഈ ആരോപണത്തെ ബലപ്പെടുത്തുന്നതുമാണ്. കോൺഗ്രസ് കൗൺസിലർമാർ ജയിച്ച ഡിവിഷനുകൾ ഉൾക്കൊള്ളുന്ന ബൂത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഇതിനു വിരുദ്ധമായി, ലീഗ് ആധിപത്യമുള്ള ബൂത്തുകളിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി. പള്ളിക്കുന്നിൽ 1,292ഉം പുഴാതിയിൽ 2,168ഉം വോട്ടുകൾ മാത്രം ഭൂരിപക്ഷം നേടാനായ സാഹചര്യം ചർച്ചയാകുകയാണ്.

അതേസമയം തിരഞ്ഞെടുപ്പിലെ ചരിത്രവിജയം ആഘോഷിക്കുന്നതിനിടെ, യു.ഡി.എഫിനുള്ളിൽ ചർച്ച ചെയ്യുന്നതിനു പകരം മാദ്ധ്യമങ്ങൾക്കു മുന്നിൽ ആരോപണം ഉന്നയിച്ച ലീഗ് ജില്ലാ പ്രസിഡന്റിന്റെ നീക്കം കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ വിള്ളൽ കൂടുതൽ ആഴത്തിലാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


ലോക്‌സഭ - നിയമസഭ വൈരുദ്ധ്യം
ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ നേടുന്ന വോട്ടുകൾ, നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ഇതേ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് ആവർത്തിക്കുന്ന പ്രതിഭാസം ഗൗരവമായ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇക്കാര്യം യു.ഡി.എഫ് ഒരുമിച്ചിരുന്ന് വിലയിരുത്തണമെന്ന ആവശ്യം ലീഗ് ഉന്നയിക്കുന്നു.


പാരയായത് അപരന്മാരോ
64,951 വോട്ടുകൾ നേടിയ സുമേഷിനെതിരെ ചേലേരിക്ക് ലഭിച്ചത് 64,602 വോട്ടുകൾ. ഞെട്ടിക്കുന്ന ഈ ചെറിയ വ്യത്യാസത്തിൽ ശ്രദ്ധേയമായ ഒരു ഘടകവുമുണ്ട്. ഇരുവരുടെയും പേരുകളോട് സാദൃശ്യമുള്ള അപരന്മാർ. വി.വി. അബ്ദുൾ കരീം 235 വോട്ടും കരീം ചന്ദ്രോത്ത് 115 വോട്ടും കെ. സുമേഷ് കുമാർ 106 വോട്ടും ടി.പി. സുമേഷ് 124 വോട്ടും നേടി. ഈ 580 വോട്ടുകൾ തിരഞ്ഞെടുപ്പിൽ നിർണ്ണായക പങ്കുവഹിച്ചോ എന്ന ചർച്ചയും സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL