SignIn
Kerala Kaumudi Online
Thursday, 21 May 2026 2.36 AM IST

ഓപ്പറേഷൻ ഗജ മുക്തി രണ്ടാംദിനത്തിൽ കൊമ്പനെ കാടുകയറ്റി

kompan

ഇരിട്ടി : ആറളത്തെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ ദൗത്യമായ ഓപ്പറേഷൻ ഗജമുക്തിയുടെ രണ്ടാം ദിവസം വട്ടക്കാട് ഭാഗത്തുണ്ടായിരുന്ന കൊമ്പനാനയെ കാടുകയറ്റി.ആറളം ഹെലിപ്പാട് - വട്ടക്കാട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കൊമ്പനാനയെ ദൗത്യസംഘം വിജയകരമായി താളിപ്പാറ അനർട്ട് ഫെൻസിംഗ് വഴി ഉരുപ്പുകുന്നിലേക്കും അവിടെ നിന്നും ഉൾക്കാട്ടിലേക്കും തുരത്തുകയായിരുന്നു.

ദൗത്യത്തിന്റെ ഭാഗമായി ഇരിട്ടി ആറളം ഫാം ബ്ലോക്ക് 7, വയനാടൻ കാട് മേഖലകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തി വരികയാണ്. കൊമ്പനാനയെ തുരത്തിയതിന് പിന്നാലെ ഓടച്ചാൽ ഭാഗത്തുണ്ടായിരുന്ന മറ്റൊരു ആനയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉച്ചയ്ക്ക് ശേഷം ചോമാനി ഭാഗത്ത് നിന്ന് തുടങ്ങി ലക്ഷദ്വീപ്, ഓടച്ചാൽ, ശോഭക്കുന്ന് വരെ ആനയുടെ കാല്പാടുകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. വൈകുന്നേരത്തോടെ ഇന്നലത്തെ ഡ്രൈവ് താല്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

ടി.ആർ.ഡി.എം ഏരിയയിലെ തൊഴിലാളികൾ, പ്രദേശവാസികൾ, യാത്രക്കാർ എന്നിവരുടെ സുരക്ഷ മുൻനിർത്തിയാണ് ദൗത്യം പുരോഗമിക്കുന്നത്. പഞ്ചായത്തിലെ പ്രത്യേക ലെയ്‌സൺ ഓഫീസർമാർ മുഖേന റവന്യൂ, ടി.ആർ.ഡി.എം വകുപ്പുകളുമായി ചേർന്നാണ് ദൗത്യം നടത്തുന്നത്. പ്രദേശവാസികൾക്കാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ലെയ്‌സൺ ഓഫീസർമാർ വഴി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആറളം വൈൽഡ് ലൈഫ് വാർഡൻ, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഓപ്പറേഷൻ നടക്കുന്നത്. ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് റെയിഞ്ചുകളിലെ ജീവനക്കാർ, വാച്ചർമാർ, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാർ, പി.ആർ.ടി അംഗങ്ങൾ ഉൾപ്പെടെ 45 പേരടങ്ങുന്ന സംഘമാണ് ഡ്രൈവിൽ പങ്കെടുത്തത്. ഒൻപത് വാഹനങ്ങളും ഫീൽഡിൽ വിന്യസിച്ചിരുന്നു. ദൗത്യം ഇന്നുംതുടരുമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL