പിണറായി: ഇ.ഡി ഉദ്യോഗസ്ഥർ മുൻമുഖ്യമന്ത്രി പിണറായിയുടെ വസതിയായ പ്രവിക്കിൽ കാൽ കുത്തിയ നിമിഷം മുതൽ കണ്ണൂരിലെ പാർട്ടി അണികളും നേതൃത്വവും കത്തിജ്വലിക്കുകയായിരുന്നു. 'ആരാടാ ഈ ഇ.ഡി, ഇറങ്ങിവാടാ തെമ്മാടികളെ, ഞങ്ങടെ പ്രിയ സഖാക്കന്മാരെ തച്ചുതകർക്കാൻ നോക്കേണ്ട' മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങി. ഓരോ നിമിഷം കഴിയുമ്പോഴും പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. റെയ്ഡ് എന്ന മാദ്ധ്യമ വാർത്ത വന്നതോടെ ജനം ഒഴുകിയെത്തുകയായിരുന്നു.
രാവിലെ ഇ.ഡി എത്തിയ വിവരം അയൽക്കാർ പോലും ആദ്യം അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിയും മുമ്പ് വീടിനു ചുറ്റുമുള്ള റോഡുകൾ ജനനിബിഡമായി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇ.ഡിക്കെതിരെ, ബി.ജെ.പിക്കെതിരെ, കോൺഗ്രസിനെതിരെ ഒന്നിനു പുറകെ ഒന്നായി മുദ്രാവാക്യങ്ങൾ ഉയർന്നു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കൾ പ്രവർത്തകരെ പിടിച്ചു മാറ്റി. എന്നാൽ പ്രതിഷേധം തടത്തുനിർത്താൻ ആർക്കും കഴിഞ്ഞില്ല റെയ്ഡ് തീരുന്നതുവരെ നേതാക്കളും പ്രവർത്തകരും ആ ചുറ്റുപാട് വിട്ടുപോയില്ല.
ഉദ്യോഗസ്ഥർ കുടുങ്ങി; നേരിട്ടിറങ്ങി കമ്മിഷണർ
റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് സ്ഥിതി ഗുരുതരമായത്. ഉദ്യോഗസ്ഥരെ പുറത്തേക്ക് വിടില്ലെന്ന ദൃഢനിശ്ചയത്തിൽ പ്രവർത്തകർ ഉറച്ചുനിന്നു. അവരെ മടക്കിയയക്കാൻ ജില്ലാ നേതൃത്വത്തിനു തന്നെ ഇടപെടേണ്ടി ഗതി വന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് നേരിട്ട് സ്ഥലത്തെത്തി. തലശേരി എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹവുമുണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വി. ശിവദാസൻ എംപിയും ഇടപെട്ട് ഉദ്യോഗസ്ഥർക്ക് കടന്നുപോകാനുള്ള വഴി ഉണ്ടാക്കി. ആ ഘട്ടം ജില്ല ഒരു വലിയ സംഘർഷത്തിന്റെ വക്കിലായിരുന്നു.
കൂകിവിളി, മാലിന്യമേറ്
ഒടുവിൽ ഉദ്യോഗസ്ഥർ പുറത്തിറങ്ങിയത് ഉച്ചത്തിലുള്ള കൂകിവിളിക്കിടയിലൂടെ. അതോടൊപ്പം ഒരു ആക്രമണ ശ്രമം കൂടി ഉണ്ടായി. പ്ലാസ്റ്റിക് കൂട്ടിൽ കെട്ടിയ മാലിന്യം ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. അത് ഇ.ഡി. ഉദ്യോഗസ്ഥർക്ക് കൊള്ളാതെ, സമീപത്ത് ഉണ്ടായിരുന്ന ഒരു പൊലീസുകാരന്റെ തലയിലാണ് പതിച്ചത്. തിരുവനന്തപുരത്ത് ഉണ്ടായ പോലെ ഗുരുതരമായ അക്രമ സംഭവങ്ങൾ ഒഴിവായത് ഭാഗ്യമായി. റെയ്ഡ് കഴിഞ്ഞതോടെ കെ.കെ ശൈലജ, പി ജയരാജൻ, എം.വി ജയരാജൻ, ഇ.പി ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനം പാണ്ഡ്യാലമുക്ക് ടൗണിലേക്ക് നീങ്ങി. ജില്ലയും ഏരിയകളും കേന്ദ്രീകരിച്ച് പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഇത് ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമാണ്. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് പരസ്യമായി ചോദിച്ചു. ബംഗാളിലും ത്രിപുരയിലും ചെയ്തതിന്റെ തുടർച്ചയാണ് ഇത്. മോദിയും മേനോൻ സതീശനും കഴിഞ്ഞ ദിവസം കൂടിയാലോചന നടത്തി, അതിന്റെ പറ്റേ ദിവസം ഈ റെയ്ഡ്. ഇതൊരു കൃത്യമായ ആസൂത്രണമാണ്.
പി. ജയരാജൻ, സി.പി.എം സംസ്ഥാന സമിതി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |