കതിരൂരിൽ കാറിൽ കടത്തുകയായിരുന്ന നാലംഗ സംഘം
പാനൂരിൽ വീടു പരിശോധനയിൽ മൂന്നുപേർ
കണ്ണൂർ: മയക്കുമരുന്ന് ശൃംഖല തകർക്കാൻ കേരള പൊലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' കണ്ണൂർ ജില്ലയിൽ ശക്തമാക്കുന്നു. ഒറ്റ ദിവസം കതിരൂരിലും പാനൂരിലുമായി ഏഴുപേരെ അറസ്റ്റ് ചെയ്ത കണ്ണൂർ സിറ്റി പൊലീസ് 19.87 ഗ്രാമിലധികം മാരക സിന്തറ്റിക് ലഹരിയായ എം.ഡി.എം.എ പിടിച്ചെടുത്തു.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജിന്റെ നിർദ്ദേശപ്രകാരം കതിരൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ. ഹരിദേവ്, എസ്.സി.പി.ഒ മനേഷ്, സി.പി.ഒ. നിജിത്ത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 16.4393 ഗ്രാം എം.ഡി.എം.എയുമായി നാലംഗ സംഘത്തെ പിടികൂടി. സംശയാസ്പദ സാഹചര്യത്തിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസ് തടഞ്ഞ് വിശദമായി പരിശോധിക്കുകയായിരുന്നു. ചോനാടം സ്വദേശി ജംഷീർ (21), കണ്ണവം സ്വദേശി സഹീർ (38), മാടപ്പീടിക സ്വദേശികളായ തൻവീർ (35), റെനെ ഒലിവർ (46) എന്നിവരാണ് പിടിയിലായത്.
ഇതേ ദിവസം, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് പരിശോധിച്ച പാനൂർ പൊലീസ് 3.36 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ കൂടി പിടികൂടി. പാത്തിപ്പാലം സ്വദേശി നിധിൻ രാജ് (36), ഇളങ്കോട് സ്വദേശി ആഷിത് (35), മൊകേരി സ്വദേശി റോഷിൻ (34) എന്നിവരാണ് അറസ്റ്റിലായത്. കമ്മിഷണറുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ എസ്.ഐ ശരത്ത്, എസ്.ഐ. മുഹമ്മദ് സജീർ, എ.എസ്.ഐ. ഷാജി, എസ്.സി.പി.ഒ. സീന, സി.പി.ഒ. ഷിനി എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻ രാജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |