SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

കൊട്ടിയൂരിൽ ഇന്ന് തിരുവോണം ആരാധന

dig
കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര അക്കരെ കൊട്ടിയൂരിൽ ഭക്തർക്കായി ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തുന്നു

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആദ്യ ആരാധന പൂജയായ തിരുവോണം ആരാധന ഇന്ന് അക്കരെ സന്നിധാനത്ത് നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ശീവേലിക്ക് അകമ്പടിയായി മണിത്തറയിലെ സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്നതിനാലാണ് പൊന്നിൻ ശീവേലി എന്ന് പറയുന്നത്. ആനകൾക്ക് പൊന്നിന്റെ നെറ്റിപ്പട്ടവും ഉണ്ടാകും.

ആരാധനാ പൂജയുടെ ഭാഗമായി വൈകിട്ട് പാലമൃത് സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. ഇതിനുള്ള പഞ്ചഗവ്യം മുളകുംഭങ്ങളിലാക്കി സന്ധ്യയ്ക്ക് അക്കരെ സന്നിധാനത്തിൽ എത്തിക്കും. പ്രത്യേക നവകവും കളഭാട്ടവും ആരാധനാ ദിവസത്തെ പ്രത്യേകതകളാണ്.

മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കുന്നത് ഇന്നാണ്. തിരുവോണ നാളിൽ കൂത്തിനുള്ള വിളക്ക് തെളിയിച്ചാൽ തൃക്കലശാട്ട് വരെ അണയാൻ പാടില്ല എന്നാണ് ചിട്ട. തിരുവോണം നാളിലാണ് അലങ്കാര വാദ്യങ്ങളും ആരംഭിക്കുന്നത്.

അക്കരെ കൊട്ടിയൂരിൽ ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പെരുമാളെ തൊഴുത് പ്രസാദം വാങ്ങി മടങ്ങാൻ ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു.

ഡി.ഐ.ജി കൊട്ടിയൂരിൽ

കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയും കുടുംബവും അക്കരെ കൊട്ടിയൂർ സന്നിധിയിൽ ദർശനം നടത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് യതീഷ് ചന്ദ്രയും കുടുംബവും ദർശനത്തിനായി എത്തിയത്. ഇവർക്കൊപ്പം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുലും ഉണ്ടായിരുന്നു. തുടർന്ന് അക്കരെ ഇക്കരെ കൊട്ടിയൂർ, മന്ദംചേരി എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും ഭക്തജനങ്ങൾക്കായി ഒരുക്കിയ സൗകര്യങ്ങളും നേരിൽ കണ്ട് വിലയിരുത്തി.

പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചത് ഭക്തർക്ക് വലിയ ആശ്വാസമായെന്ന് ഡി.ഐ.ജി യതീഷ് ചന്ദ്ര പറഞ്ഞു. അദ്ദേഹത്തോടൊപ്പം കണ്ണൂർ റൂറൽ എസ്.പി അനുജ് പലിവാൾ, പേരാവൂർ ഡിവൈ.എസ്.പി ചന്ദ്രമോഹനൻ എന്നിവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL