SignIn
Kerala Kaumudi Online
Friday, 05 June 2026 11.14 PM IST

തിരുവോണം ആരാധനാ നാളിൽ പെരുമാൾക്ക് പാലമൃത് അഭിഷേകം ഇളനീർ വയ്പ് നാളെ

aradhana

കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനാപൂജയായ തിരുവോണം ആരാധന ഇന്നലെ അക്കരെ സന്നിധാനത്ത് നടന്നു. ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധനാസദ്യയും നടത്തി. ശീവേലിക്ക് മണിത്തറയിലെ സ്വർണക്കുടം, വെള്ളിക്കുടം, വെള്ളി വിളക്ക്, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്‌ട പൂജാപാത്രങ്ങൾ അകമ്പടിയായി എഴുന്നള്ളിച്ചു. അലങ്കാര വാദ്യങ്ങളും ഇന്നലെയാണ് ആരംഭിച്ചത്.

സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം നടത്തി. ഇതിനുളള പഞ്ചഗവ്യം മുള കുംഭത്തിലാക്കി മണിത്തറയിൽ സമർപ്പിച്ചിരുന്നു.തിരുവോണം ആരാധനാ നാളിൽ മത്തവിലാസം കൂത്ത് പൂർണ രൂപത്തിൽ ആരംഭിച്ചു. രണ്ടാമത്തെ ആരാധനയായ അഷ്‌ടമി ആരാധനാപൂജ എട്ടിന് നടക്കും.

വൈശാഖ മഹോത്സവത്തിലെസുപ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർ വയ്പ് നാളെ രാത്രിയിലാണ്. വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിൽ എത്തും. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്രവേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി നിലയുറപ്പിച്ച ശേഷമാണ് ഇളനീർ വ്രതക്കാർ അക്കരെ എത്തി ഇളനീർ കാവുകൾ സമർപ്പിക്കുന്നത്. ഇളനീർ വയ്പിന് വ്രതം എടുത്തവർ ഇളനീർ കാവുകളുമായി കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി.

ഭക്തജനത്തിരക്കിൽ മുങ്ങി കൊട്ടിയൂർ

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് ഓരോ ദിവസം കഴിയുന്തോറും തിരക്കേറുകയാണ്. തീരുവോണം ആരാധനാ നാളിൽ ഇന്നലെ രാവിലെ മുതൽ അക്കരെ സന്നിധാനവും പരിസരവും ഭക്തജന സാഗരമായി മാറിയിരുന്നു. ഇതിൽ ഏറെപ്പേരും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. രാവിലെ മുതൽ

പെരുമാളെ തൊഴാനായി ക്യൂ നിന്നവരുടെ നീണ്ടനിര പടിഞ്ഞാറെ നടയിൽ നടുക്കുനി വരെയും കിഴക്കേ നടയിൽ മന്ദംചേരി പുതിയ പാലം വരെയും നീണ്ടു. പാർക്കിംഗ് ഉൾപ്പെടെ വിപുലമായ സജ്ജീകരണങ്ങൾ ദേവസ്വം ഒരുക്കിയതിനാൽ ഭക്തജനത്തിരക്കേറിയിട്ടും ഇതുവരെയുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞത് എല്ലാവർക്കും വലിയ ആശ്വാസമായിരുന്നു.

പടം:വൈശാഖ മഹോത്സവത്തിലെ തിരുവോണം ആരാധനാ നാളായ ഇന്നലെ അക്കരെ കൊട്ടിയൂരിൽ നടത്തിയ പൊന്നിൻ ശീവേലി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL