SignIn
Kerala Kaumudi Online
Friday, 05 June 2026 11.13 PM IST

കാടുപിടിച്ച പറമ്പുകൾ വെട്ടിതെളിക്കണമെന്ന് ഹൈക്കോടതി: ഗ്രാമപഞ്ചായത്തുകൾക്ക് തലവേദന

ph-1

ആലക്കോട്:കൃഷിക്കോ മറ്റോ ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുന്ന പുരയിടങ്ങൾ വെട്ടിതെളിച്ചു നൽകണമെന്ന കോടതി ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾക്ക് വൻബാദ്ധ്യതയാകുന്നു. ഉടമസ്ഥരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേരിട്ട് കാടു വെട്ടിത്തെളിക്കണമെന്നും ഉടമയ്ക്ക് നോട്ടീസ് നൽകാൻ കാത്തിരിക്കേണ്ടതില്ലെന്നും ഈ മാസം ഒന്നിനാണ് ഹൈക്കോടതി വിധിച്ചത്.

ഈ വിധിയുടെ ബലത്തിൽ കൂടുതൽ പരാതിക്കാർ ഗ്രാമ പഞ്ചായത്തുകളെ സമീപിച്ചാൽ സാമ്പത്തിക സ്ഥിതിയിലും ജീവനക്കാരുടെ കുറവിലും പ്രതിസന്ധി നേരിടുന്ന പഞ്ചായത്തുകൾക്ക് വെല്ലുവിളിയാകും. പ്രത്യേകിച്ച് മലയോര ഗ്രാമങ്ങളിൽ കൃഷിചെയ്യാതെ കാടു പിടിച്ചു കിടക്കുന്നതുമായ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണുള്ളത്.

കാർഷിക വിലത്തകർച്ചയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം കാരണം മലയോര ഗ്രാമങ്ങളിലെ കുടിയേറ്റ കർഷകരിൽ പലരും കൃഷി ഉപേക്ഷിക്കുകയും ഭൂമിവിറ്റ് കുടിയിറങ്ങുകയും ചെയ്തിട്ടുണ്ട് .ഇത്തരത്തിൽ വിൽക്കപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി വാങ്ങിയവരെക്കുറിച്ച് നാട്ടുക്കാർക്ക് യാതൊരറിവുമില്ല. ക്വാറികളുടെ നടത്തിപ്പും ടൂറിസം സാദ്ധ്യതകളും മുന്നിൽ കണ്ട് വർഷങ്ങൾക്ക് മുൻപ് ബിനാമി പേരുകളിലും മറ്റും വാങ്ങിക്കൂട്ടിയ കൃഷിയിടങ്ങൾ പലതും വൻ കാടുകളായി മാറിയിട്ടുണ്ട്.

സാമ്പത്തികമില്ല,​തൊഴിലാളികളെ കിട്ടാനുമില്ല

മലയോരത്ത് ടൂറിസം സാദ്ധ്യത മുന്നിൽ കണ്ട് ചെറുപുഴ ,ഉദയഗിരി, ആലക്കോട് നടുവിൽ, എരുവേശി , അയ്യൻകുന്ന്, പയ്യാവൂർ, ആറളം പഞ്ചായത്തുകളിലെ മലയോരങ്ങളിൽ പലരും വൻതോതിൽ ഭൂമി വാങ്ങിക്കുട്ടിയിട്ടുണ്ട്. ജോസ്ഗിരി, താബോർ, കൊട്ട ത്തലച്ചി മല , രാജഗിരി, വായിക്കമ്പ, ചീക്കാട്, മണക്കടവ്, കാപ്പിമല, വൈതൽക്കുണ്ട്, കുട്ടിപ്പുല്ല്, പാലക്കയം, വൈതൽ മല, പൊട്ടൻ പ്ലാവ്, വഞ്ചിയം, കാഞ്ഞിരക്കൊല്ലി, ശശിപ്പാറ, കുന്നത്തൂർ, കൂട്ടുപുഴ , ആറളം, പാലുക്കാച്ചി മല ,കൊട്ടിയൂർ , കൂട്ടുപ്പുഴ, എന്നീ പ്രദേശങ്ങളിലും സമാനമായ സ്ഥിതിയാണ്. സാമ്പത്തിക ബാദ്ധ്യതക്കു പുറമെ കാടു വെട്ടിത്തെളിക്കാൻ തൊഴിലാളികളെ കിട്ടാത്തതും സമയബന്ധിതമായ നടത്തിപ്പും മേൽനോട്ടവുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ ജോലിഭാരം കൂട്ടുമെന്ന് ഗ്രാമപഞ്ചായത്ത് ജീവനക്കാരും ഭരണനേതൃത്വവും പറയുന്നു.

തദ്ദേശസ്ഥാപനത്തിന്റെ അധികാരം

കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾ പ്രകാരം ഇത്തരം ശല്യങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ടെന്നാണ് എറണാകുളം തെക്കേക്കര ഗ്രാമപഞ്ചായത്തിനെ മറുകക്ഷിയാക്കി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വർഗീസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്. ഉടമയെ അറിയില്ലെങ്കിൽ പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കാട് വെട്ടിത്തെളിക്കണം.അയൽപക്കത്തെ പറമ്പിൽ നിന്നും വൃദ്ധമാതാപിതാക്കൾക്ക് വിഷജന്തുക്കളുടെ ഭീഷണി നേരിടുന്നുവെന്നാണ് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചത്.

പരാതികളുടെ അടിസ്ഥാനത്തിൽ കാടു വെട്ടിത്തെളിക്കുക എന്നത് തനതു വരുമാനം കുറഞ്ഞ പഞ്ചായത്തുകൾക്ക് വലിയ ബാദ്ധ്യതയായി മാറും . ഒരിക്കൽ വെട്ടിത്തെളിച്ച കൃഷിയിടം ആറുമാസം കഴിയുമ്പോൾ വീണ്ടും കാടുമൂടുകയും ചെയ്യും.

ടെസി ആലുംമൂട്ടിൽ, പ്രസിഡന്റ് , ഉദയഗിരി ഗ്രാമ പഞ്ചായത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL