SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

പ്രവൃത്തി നിർത്തി വയ്ക്കാൻ നിർദേശം; മേലെ ചൊവ്വ മേൽപ്പാലം ഇല്ല ?​

ph-1

കണ്ണൂർ: നഗരത്തിലെ അതികഠിനമായ ഗതാഗതകുരുക്കിന് പരിഹാരമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച മേലെ ചൊവ്വ മേൽപ്പാല നിർമ്മാണ പദ്ധതി ഉപേക്ഷിക്കാൻ ആലോചന. അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പാലം അശാസ്ത്രീയമാണെന്ന് നാട്ടുകാരും വ്യാപാരികളും ആശങ്ക ഉയർത്തിയിരുന്നു.ഇന്നലെ സ്ഥലം സന്ദർശിച്ച ടി.ഒ.മോഹനൻ എം.എൽ.എ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ നി‌ർമ്മാണം നിർത്തി വയ്ക്കാൻ നി‌ർദേശിച്ചു.

ഇതുവരെ നടത്തിയ പ്രവൃത്തിയുടെ പണം ഊരാളുങ്കലിന് നൽകി പ്രവൃത്തി നിർത്തി വയ്ക്കാനുള്ള ആലോചനയും പുരോഗമിക്കുകയാണ്. രണ്ടുവർഷം മുമ്പാണ് മേലെ ചൊവ്വ മേൽപ്പാലം പ്രവൃത്തി ആരംഭിച്ചത്.ഡ്രൈനേജ് പ്രവൃത്തി ഉൾപ്പെടെ നടന്നു കഴിഞ്ഞു.പാലം പ്രവൃത്തിയിലേക്കാണ് ഇനി കടക്കേണ്ടത്. നിർമ്മാണം അടുത്ത വർഷത്തോടെ പൂർത്തികരിക്കുകയായിരുന്നു ലക്ഷ്യം.പദ്ധതിയെ നേരത്തെ തന്നെ യു.ഡി.എഫ് എതിർത്തിരുന്നു.ഭരണ മാറ്റം കൂടി വന്നതോടെ പദ്ധതി പാടെ ഉപേക്ഷിക്കാനുള്ള നീക്കത്തിലേക്കാണ് ഇപ്പോൾ കടക്കുന്നത്.പദ്ധതി ഗതാഗതക്കുരുക്ക് കൂടുതലാക്കാൻ ഇടയാക്കുമെന്നാണ് ടി.ഒ.മോഹനൻ എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം.ഇന്നലെ നടന്ന യോഗത്തിൽ 60 പേരാണ് പങ്കെടുത്തത്.എം.എൽ.എയോടൊപ്പം മേയർ അഡ്വ. പി .ഇന്ദിര, ഡെപ്യൂട്ടി മേയർ കെ .പി .താഹിർ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റീജിൽ മാക്കുറ്റി, എന്നിവരും നിർമ്മാണസ്ഥലത്ത് ഇന്നലെ എത്തിയിരുന്നു.

കണ്ണൂർ-തലശ്ശേരി ദേശീയപാത, മേലെചൊവ്വ-മട്ടന്നൂർ-ഇരിട്ടി സംസ്ഥാന പാത എന്നീ റൂട്ടുകളിലെ യാത്രക്കാരെ ലക്ഷ്യമാക്കിയായിരുന്നു മേൽപാലം പദ്ധതി. റോഡ്‌സ് ആൻഡ് ബ്രിജ്‌സ് ഡവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിൽ നിന്നും തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിന്റെ മുൻഭാഗം കിഴക്കേനട റോഡ് വരെയുള്ള മേൽപാലം 424.60 മീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലുമായിരുന്നു നിർമ്മിക്കേണ്ടത്.

നൂറോളം കെട്ടിടങ്ങൾ പൊളിച്ചു

ചൊവ്വഹയർ സെക്കൻഡറി സ്‌കൂൾ പരിസരം മുതൽ മട്ടന്നൂർ റോഡ് ജംഗ്ഷൻ വരെ ദേശീയപാതയുടെ വടക്കു ഭാഗത്തുള്ള നൂറോളം വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടുന്ന കെട്ടിടങ്ങൾ പദ്ധതിക്കായി പൊളിച്ചുമാറ്റിയിരുന്നു. 2023 ഒക്ടോബറിലാണു കിഫ്ബി പുതിയ മേൽപാലത്തിനു സാമ്പത്തികാനുമതി നൽകിയത്. തുടർന്ന് 31.98 കോടിയുടെ സാങ്കേതിക അനുമതിയും ലഭിച്ചു. മേലെചൊവ്വ ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ജല അതോറിറ്റിയുടെ മേലെചൊവ്വയിലെ ജലസംഭരണിയിൽ നിന്നും കണ്ണൂർ നഗരത്തിലേക്കു പോകുന്ന പ്രധാന പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന സാങ്കേതിക പ്രശ്‌നം മൂലമാണ് പദ്ധതി മാറ്റി മേൽപാലം നിർമ്മിക്കാൻ തീരുമാനിച്ചത്.

നാട്ടുകാർ ഉന്നയിച്ച ആശങ്കകളെല്ലാം മന്ത്രി വിളിച്ചു ചേർക്കുന്ന ഉന്നതതല യോഗത്തിൽ ഉന്നയിക്കും. പദ്ധതിയുടെ കാര്യത്തിൽ പുനപരിശോധന ആവശ്യമാണെങ്കിൽ അക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും .എല്ലാ പദ്ധതികളും ജനങ്ങൾക്ക് ഗുണകരമായ രീതിയിലാണെങ്കിൽ അവയ്ക്കു പൂർണ്ണ പിന്തുണ നൽകും.

അഡ്വ.ടി.ഒ.മോഹനൻ ,എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL